motherkids-Edit

TOPICS COVERED

 അമ്മയെയും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളെയും വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂര്‍ മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (45), ശിവനന്ദ് (14), അശ്വന്ത് (11) എന്നിവരാണു മരിച്ചത്. വീട്ടിൽ ഭാമയുടെ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. ഭർത്താവ് രമേഷ് ബാബു അമ്മ തനിച്ചു താമസിക്കുന്നതിനാല്‍ അഴീക്കൽ ചാലിലെ വീട്ടിലായിരുന്നു.

ഭാമയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം പറയുന്നു. വീട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. പുലര്‍ച്ചെ രണ്ടരയ്ക്കു ശബ്ദം കേട്ടാണ് ഭാമയുടെ സഹോദരി ഉണര്‍ന്നത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോള്‍ ഭാമയേയും കുട്ടികളേയും കാണാനില്ലായിരുന്നു. പിന്നാലെ അയല്‍വാസികളെ ഉള്‍പ്പെടെ വിളിച്ചു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കിണറ്റില്‍ ഉള്‍പ്പെടെ നോക്കിയിട്ടും ഒരു സൂചനയും ലഭിച്ചില്ല. കിണറിന്‍റെ വല മാറ്റുകയോ അടുത്ത് ചെരുപ്പോ മറ്റു സൂചനകളോ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വളപട്ടണം പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലോട് കൂടിയാണ് മൃതദേഹം കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനാ സംഘം എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉറങ്ങിക്കിടന്ന മക്കളെ എങ്ങനെ കിണറ്റിനരികിലെത്തിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിച്ചിരുന്ന ഭാമ ഏതാനും മാസം മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

ശിവനന്ദും അശ്വന്തും അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ ദിവാകരന്‍റെയും ലീലയും മകളാണു ഭാമ. ഭര്‍ത്താവ് രമേഷ് ബാബു അഴീക്കലിൽ മത്സ്യത്തൊഴിലാളിയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ മീൻകുന്ന് കുഴക്കീൽ ശ്മശാനത്തിൽ സംസ്കരിച്ചു.

ENGLISH SUMMARY:

A mother and her two school-going children were found dead in a household well. The deceased have been identified as Bhama (45), Sivanand (14), and Ashwanth (11) of Madathil House near Peedika, Mambaram, Meenkunnu.