image: x.com/Raajeev_Chopra

സുഹൃത്തുക്കളുമൊത്ത് ആടിപ്പാടി വിവാഹവേദിയിലേക്ക് എത്തുന്നതിനിടെ വരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. മധ്യപ്രദേശിലെ സൂന്‍സ്​വാദ ഗ്രാമത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. പ്രദീപ് ജാട്ടെന്ന യുവാവാണ് മരിച്ചത്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍​എസ്​യു​ഐയുടെ മുന്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായിരുന്നു പ്രദീപെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  വെള്ളിയാഴ്ച രാത്രിയോടെ കുതിരപ്പുറത്തിരുന്ന് വിവാഹമണ്ഡപത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അത്യാഹിതം സംഭവിച്ചത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും തിരികെ കുതിരപ്പുറത്തേറുകയും ചെയ്തു. കുതിരപ്പുറത്തിരിക്കുന്നതിനിടെ കടുത്ത ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഈ നേരമത്രയും വധു വരനെ കാത്ത് മണ്ഡപത്തിനടുത്ത് ഇരിക്കുകയായിരുന്നു.

എല്ലാവരും ആഘോഷത്തിമിര്‍പ്പിലായതിനാല്‍ സംഭവിച്ചതെന്താണെന്ന് കുറച്ച് സമയം കഴിഞ്ഞാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളിലൊരാള്‍ വരനെ കുതിരയുടെ മേല്‍ താങ്ങി നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. ബോധരഹിതനായി കുതിരപ്പുറത്ത് നിന്നും വീണ വരനെ ആളുകള്‍ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു. മരിച്ചനിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ പറുന്നത്. 

മധ്യപ്രദേശില്‍ സമാന സംഭവം കഴിഞ്ഞമാസവും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദിശ ജില്ലയില്‍ വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്തിരുന്ന പരിണീത ജെയിന്‍ എന്ന പെണ്‍കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ENGLISH SUMMARY:

A tragic incident in MP’s Soonswad village as groom Pradeep Jat suffered a fatal heart attack while arriving on horseback for his wedding. The shocking moment was captured on video.