മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ആറുമാസം പ്രായമുള്ള കുഞ്ഞിനെ തലകീഴായി തീയുടെ മുകളില്‍ കെട്ടിത്തൂക്കി. കുഞ്ഞിന്‍റെ കണ്ണുകൾക്ക് സാരമായ കേടുപാടുകൾ പറ്റുകയും ഇത് കാഴ്ചയെ ബാധിക്കുകയും ചെയ്തു. കോലാറസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മാതാപിതാക്കൾ തന്നെയാണ് മന്ത്രിവാദിയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയത്. മകനെ ചില നിഴലുകൾ വേട്ടയാടുന്നുണ്ടെന്നും പരിഹാരം വേണമെന്നുമായിരുന്നു മാതാപിതാക്കളുടെ ആവശ്യം. തുടര്‍ന്ന് മന്ത്രവാദി കുഞ്ഞിനെ തീയുടെ മുകളില്‍ തലകീഴായി കെട്ടിത്തൂക്കി പൂജ നടത്തുകയായിരുന്നു.
കണ്ണിന് പരുക്ക് പറ്റിയ കുട്ടിയെ മാതാപിതാക്കൾ ശിവപുരി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് മന്ത്രവാദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
കുട്ടിയുടെ കണ്ണുകൾക്ക് സാരമായ പരുക്ക് സംഭവിച്ചിട്ടുണ്ടെന്നും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവപുരി ജില്ലാ ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധൻ പറഞ്ഞു. 72 മണിക്കൂറിനു ശേഷമേ മാത്രമേ കാഴ്ചശക്തി തിരിച്ചു കിട്ടുമോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍ വ്യക്തമാക്കി.