Image From Video: X/gharkekalesh
തീവണ്ടി യാത്രക്കാരാണെങ്കില്‍ ഒരു തവണയെങ്കിലും യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങി കുടിച്ചിട്ടുണ്ടാകും. വില്‍ക്കുന്ന കാറ്ററിങ് സര്‍വീസുകാരന് പോലെയാണ് പലപ്പോഴും വില ഈടാക്കുന്നത്. 15 രൂപയും 20 രൂപയും പലപ്പോഴായി നല്‍കേണ്ടി വന്നിട്ടുണ്ടാകാം. ഈക്കാര്യത്തില്‍ യാത്രക്കാരനും ഐആര്‍സിടിസി കാറ്ററിങ് ജീവനക്കാരനും തമ്മില്‍ നടന്ന തര്‍ക്കം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കുപ്പിവെള്ളം വിതരണം നടത്തുന്നയാള്‍ അഞ്ച് രൂപ അധികം വാങ്ങിയത് യാത്രക്കാരന്‍ ചോദ്യം ചെയ്യുന്നതാണ് വിഡിയോ. കുപ്പിവെള്ളം വില്‍ക്കുന്നയാള്‍ 20 രൂപ വാങ്ങുകയും കഠിനാധ്വാനം ചെയ്യുന്നതിനാല്‍ അഞ്ച് രൂപ അധികം വേണമെന്ന് ഇതിനെ ന്യായീകരിക്കുകയുമായിരുന്നു.
വെള്ളം വില്‍ക്കുന്നതിന് വിതരണക്കാരന് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും യാത്രക്കാരുടെ കയ്യില്‍ നിന്നും പണം വാങ്ങാന്‍ സാധിക്കില്ലെന്നുമാണ് യാത്രക്കാരന്‍ പറയുന്നത്. തര്‍ക്കത്തിനൊടുവില്‍ വാങ്ങിയ വെള്ളം തിരികെ നല്‍കുന്നതും വിഡിയോയിലുണ്ട്.
അതേസമയം വാക്കുതര്‍ക്കത്തില്‍ മറ്റുള്ള യാത്രക്കാരും ഇടപെടുന്നുണ്ട്. അധികം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ വാങ്ങേണ്ടെന്നാണ് ഒരാളുടെ വാദം. ജീവനക്കാര്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അധിക തുക നല്‍കണമെന്നും മറ്റൊരാള്‍ പറയുന്നു.
എക്സില്‍ പങ്കുവച്ച വിഡിയോയിലും പലതരത്തിലാണ് പ്രതികരണങ്ങള്‍. ചിലര്‍ അഞ്ച് രൂപ വാങ്ങിയതിനെ അനുകൂലിക്കുമ്പോള്‍ എതിര്‍ക്കുന്നവരും കമന്‍റിലുണ്ട്. 100 രൂപ ടിപ് നല്‍കുന്നവര്‍ക്ക് അഞ്ച് രൂപ നല്‍കാന്‍ സാധിക്കില്ലെ എന്നാണ് ഒരു അക്കൗണ്ടില്‍ നിന്നുള്ള ചോദ്യം.
'പാന്‍ മസാലയ്ക്ക് 100 രൂപ ചെലവാക്കുന്നവരാണ് അഞ്ച് രൂപയ്ക്ക് കരയുന്നത്, അതും വല്ലപ്പോഴും യാത്ര ചെയ്യുന്നവര്‍' എന്നാണ് മറ്റൊരു കമന്‍റ്. ഈ രാജ്യത്ത് ഇത്രയധികം അഴിമതി നടന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് പിന്തുണച്ചുകൊണ്ടുള്ള കമന്‍റ്. റെയില്‍വെ മന്ത്രി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് അദ്ദേഹത്തെ ടാഗ് ചെയ്ത് ആവശ്യപ്പെടുന്നുണ്ട്. എക്സില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ 6 ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. സംഭവം ഏത് തീവണ്ടിയാലാണെന്നോ എപ്പോഴാണെന്നോ വിഡിയോയില്‍ നിന്നും വ്യക്തമല്ല.
2024 നവംബറില്‍ കാമാഖ്യ എക്സ്പ്രസില്‍ കുപ്പിവെള്ളത്തിന് അധിക നിരക്ക് ഈടാക്കിയ കാറ്ററിങ് സര്‍വീസിന് റെയില്‍വെ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 15 രൂപയാണ് റെയില്‍ നീര്‍ കുപ്പിവെള്ളത്തിന്‍റെ വില.