സോഷ്യല്‍ മീഡിയ പ്രണയങ്ങള്‍ വിവാഹത്തിലെത്തുന്നത് ഇക്കാലത്ത് സര്‍വസാധാരണമാണ്. ചതിക്കപ്പെടുന്നവരും ഏറെ. ചതിക്കപ്പെടുമെന്ന ഘട്ടത്തില്‍ പരാതി നല്‍കി കാമുകനെ സ്റ്റേഷനിലെത്തിച്ച് വിവാഹം ചെയ്ത വാര്‍ത്തയാണ് ബിഹാറില്‍ നിന്നും. ലക്ഷ്മിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഓണ്‍ലൈന്‍ പ്രണയിനികളുടെ വിവാഹം നടന്നത്.
ബിഹാറിലെ ബര്‍ഹത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധന്‍പുരി ഗ്രാമത്തില്‍ നിന്നുള്ള 20 കാരന്‍ സന്ദീപ് മാന്‍ജി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മതിയ മൊഹന്‍പൂര്‍ സ്വദേശിനയായ സുഹന കുമാരിയുമായി സന്ദീപ് പരിചയപ്പെടുന്നത് ഫെയ്സ്ബുക്ക് വഴിയാണ്. ഓണ്‍ലൈന്‍ പരിചയം പിന്നീട് ഫോണ്‍ വിളിയിലേക്കും നേരിട്ടുള്ള കണ്ടുമുട്ടലിലേക്കും എത്തി.
ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും സന്ദീപിന്‍റെ കുടുംബം മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചു. സന്ദീപിന്‍റെ സമ്മതത്തോടെയാണ് വിവാഹമെന്നറിഞ്ഞതോടെ സുഹന സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയതോടെ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് സ്റ്റേഷനില്‍ അരങ്ങേറിയത്.
സ്റ്റേഷനിലെത്തിയതോടെ സന്ദീപിന് മനംമാറ്റം. പൊലീസ് ചോദ്യം ചെയ്യലില്‍ സുഹനയോടുള്ള തന്‍റെ പ്രണയം സന്ദീപ് തുറന്നു പറഞ്ഞതോടെ സ്റ്റേഷന്‍ വൈകാരിക രംഗങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇതോടെ സ്റ്റേഷനില്‍ തന്നെ വിവാഹം നടത്താന്‍ പൊലീസ് മുന്‍കൈ എടുക്കുകയായിരുന്നു. അങ്ങനെ ക്ലൈമാക്സില്‍ സ്റ്റേഷന്‍ വളപ്പിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ വെച്ച് പൊലീസിന്‍റെ കാര്‍മിതത്വത്തില്‍ വിവാഹം നടത്തുകയായിരുന്നു.