പൂണെയിലെ ട്രാഫിക് ജംക്ഷനില്‍ കാര്‍ നിര്‍ത്തി പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് റോഡില്‍ നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ച് പൊലീസ്. തിങ്കളാഴ്ചയാണ് പ്രതിയായ ഗൗരവ് അഹൂജ (25) നെയും സുഹൃത്ത് ഭാഗ്യേഷ് ഓസ്വാളിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഡിയോ വൈറലായതിനു പിന്നാലെ ക്ഷമ ചോദിച്ച് രംഗത്തെത്തിയ പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴങ്ങിയിരുന്നു.
ശനിയാഴ്ച രാവിലെ 7.30 ഓടെ യെരവാഡയിലെ ശാസ്ത്രിനഗർ ചൗക്കിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മൂത്രമൊഴിക്കാനായി നടുറോഡില്‍ വാഹനം നിര്‍ത്തി, ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങുന്ന ഗൗരവ് അഹുജയെയും മദ്യക്കുപ്പിയുമായി കാറില്‍ സുഹൃത്ത് ഭാഗ്യേഷ് ഓസ്വാളിനെയും വൈറലായ വിഡിയോയില്‍ കാണാം. റോഡരികില്‍ മൂത്രമൊഴിച്ച ശേഷം ഇരുവരും വാഹനവുമായി സ്ഥലം വിടുകയും ചെയ്തു.
സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയ സമയത്തായിരുന്നു യുവാവിന്‍റെ പ്രവൃത്തി. വിഡിയോയിൽ യുവാക്കളില്‍ ഒരാളുടെ കയ്യില്‍ മദ്യകുപ്പിയുണ്ടായിരുന്നതായും വ്യക്തമാണ്. സാമൂഹ്യ പ്രവർത്തകനായ വിജയ് കുംഭർ വിഡിയോ പങ്കുവച്ച് ഇരുവര്‍ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ആരംഭിച്ചതിനിടെ ക്ഷമാപണ വിഡിയോയുമായി ഗൗരവ് തന്നെ രംഗത്തുവരികയും ശേഷം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.
അസഭ്യമായ പെരുമാറ്റം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിത, മഹാരാഷ്ട്ര പൊലീസ് ആക്ട്, മോട്ടോർ വാഹന നിയമം എന്നിവയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് യെരവാഡ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എൻഐബിഎം റോഡിലെ താമസക്കാരനായ അഹൂജയെ 2021 ൽ ക്രിക്കറ്റ് വാതുവെപ്പ് കേസിലും അറസ്റ്റ് ചെയ്തിരുന്നു.