Image Credit: x.com/TeluguScribe
വിശാഖപട്ടണത്ത് ദിവസങ്ങളായി ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണില്‍ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. പെൻദുർത്തി ജില്ലയിലെ വീട്ടിലാണ് സംഭവം. നാളുകള്‍ കൂടി എയർ കണ്ടീഷണർ ഓൺ ചെയ്തപ്പോളാണ് പാമ്പിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കുടുംബം പാമ്പുപിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു.
പാമ്പുപിടുത്തക്കാരന്‍ എത്തി പാമ്പിനെ പിടികൂടിയതിന് പിന്നാലെ യൂണിറ്റിനുള്ളിൽ ഒന്നിലധികം പാമ്പുകുഞ്ഞുങ്ങളെയും കണ്ടെത്തി. ഇതോടെ വീട്ടുകാരും നാട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തെലുങ്ക് സ്‌ക്രൈബ് എന്ന എക്‌സ് അക്കൗണ്ടാണ് പാമ്പ് പിടുത്തക്കാരൻ പാമ്പിനെയും കുഞ്ഞുങ്ങളെയും എയർ കണ്ടീഷണറിൽ നിന്ന് പുറത്തെടുക്കുന്ന വീഡിയോ പങ്കുവെച്ചത്. ‘നിങ്ങള്‍ വളരെക്കാലത്തിനു ശേഷം എസി ഓൺ ആക്കുകയാണോ? എങ്കില്‍ നിങ്ങളുടെ എസിയിലും പാമ്പുകൾ ഉണ്ടാകാം’എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കിട്ടത്.
വിശാഖപട്ടണം ജില്ലയിലെ പെൻദുർത്തിയിലുള്ള സത്യനാരായണ എന്നയാളുടെ വീട്ടിലെ എസിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ദീർഘ കാലം പ്രവർത്തിപ്പിക്കാത്ത വൈദ്യുതോപകരണങ്ങൾ പിന്നീട് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജാഗ്രത വേണമെന്നാണ് പോസ്റ്റിന് താഴെ നെറ്റിസണ്‍സ് കുറിക്കുന്നത്. ‘ഇൻസ്റ്റാളേഷൻ സമയത്ത് ചിലർ എസി പൈപ്പ്‌ലൈനിന്‍റെ വൈറ്റ് സിമന്റ് കൊണ്ട് അടയ്ക്കാറില്ല, അതിനാല്‍ പ്രാണികളും മറ്റും ഇതിലൂടെ കടന്നുവരും, അതിനാൽ ഇൻസ്റ്റാളേഷന് ശേഷം ദ്വാരം മൂടിയെന്ന് ഉറപ്പാക്കുക‘ എന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.