പ്രതീകാത്മക ചിത്രം (Credit: AP)
രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനില്‍ ബോംബിട്ട് മടങ്ങുന്നതിനിടെ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ അവശിഷ്ടങ്ങള്‍ ഒടുവില്‍ കണ്ടെത്തി. ഇന്ത്യ–യുഎസ് ധാരണ അനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ നടത്തിയ സംയുക്ത തിരച്ചിലിലും ഖനനത്തിലുമാണ് കാണാതായി 80 വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് സൈനികരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി വീണ്ടെടുത്തത്. ഇവര്‍ക്ക് യുഎസില്‍ ഇനി നിത്യവിശ്രമം ഒരുങ്ങും.
1944 ല്‍ ജപ്പാലിനെ കൈഷു ദ്വീപില്‍ കനത്ത ബോംബാക്രമണം നടത്തി മടങ്ങുന്നതിനിടെ ഇന്നത്തെ അസമിലുള്ള സേപ്ഘട്ടിയില്‍വച്ച് യുഎസ് വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണു. 444 ബോംബാര്‍ഡ്മെന്‍റ് ഗ്രൂപ്പിന്‍റെ AB 29സൂപ്പര്‍ഫോര്‍ട്രസ് വിമാനമാണ് അസമിലെ നെല്‍പ്പാടത്ത് തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 11 സൈനികരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. പക്ഷേ സ്ഥലത്ത് യുഎസ് സൈന്യം നടത്തിയ തിരച്ചിലില്‍ ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാത്രമാണ് അന്ന് കണ്ടെടുക്കാനായത്.
80 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നടത്തിയ തിരച്ചിലില്‍ ശേഷിച്ച മൂന്നുപേരുടെയും ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. മിഷിഗണിസ് നിന്നുള്ള ഫ്ലൈറ്റ് ഓഫിസര്‍ ചെസ്റ്റര്‍ എല്‍ റിന്‍കെ(33), ഷിക്കാഗോയില്‍ നിന്നുള്ള സെക്കന്‍റ് ലഫ്റ്റനന്‍റ് വാള്‍ട്ടര്‍ ബി മിക്ലോഷ് (21), വാഷിങ്ടണില്‍ നിന്നുള്ള സാര്‍ജന്‍റ് ഡോണല്‍ സി എയ്കിന്‍(33) എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീണ്ടെടുത്തത്. കണ്ടെത്തിയ ഭാഗങ്ങളെല്ലാം അമേരിക്കയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് തിരച്ചിലിനിറങ്ങിയതെന്ന് നെബ്രസ്ക– ലിങ്കണ്‍ സര്‍വകലാശാലയിലെയും ഗാന്ധിനറിലെ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയിലെയും സംഘം പറയുന്നു. യുഎസുമായി ഉണ്ടാക്കിയ പ്രതിരോധ കരാര്‍ അനുസരിച്ചാണ് ഈ തിരച്ചില്‍ നടത്തിയത്. 2022–23ല്‍ സംഘം സ്ഥലത്തെത്തുകയും തിരച്ചില്‍ പുനരാംഭിക്കുകയുമായിരുന്നു. സൈനികരുടെ വസ്ത്രത്തിലുണ്ടായിരുന്ന ബട്ടന്‍സ്, ബൂട്ട്സിന്റെ ഭാഗങ്ങള്‍, പാരഷൂട്ടിന്‍റെ കഷണങ്ങള്‍, ഐഡി കാര്‍ഡിന്‍റെ അവശിഷ്ടങ്ങള്‍, കോംപസ് എന്നിവ കണ്ടെത്തിയിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ചാണ് സൈനികരുടേത് തന്നെയെന്ന് ഉറപ്പിച്ചത്.
കാലപ്പഴക്കം കൊണ്ടും വെള്ളത്തിന്‍റെ സാന്നിധ്യം കൊണ്ടും പലതും ദ്രവിച്ചും നശിച്ചും പോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ സൂക്ഷ്മമായ ഖനനമാണ് പ്രദേശത്ത് നടത്തിയതെന്നും ചെളിയും വെള്ളവും അരിച്ച് പരിശോധിച്ചുവെന്നും തിരച്ചിലിന് നേതൃത്വം നല്‍കിയ ഗാര്‍ഗി ജാനി ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.