File Image
മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് ടി2 ടെര്‍മിനലിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. രാത്രി 10:30 ന് ഹൗസ് കീപ്പിങ് ജീവനക്കാർ പതിവുപൊലെ ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ജീവനക്കാർ ഉടൻ തന്നെ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, വിമാനത്താവള പരിസരത്ത് ഇത്തരത്തില്‍ മൃതദേഹം കണ്ടെത്തുന്നത് ആദ്യമാണെന്നും ആരാണ് കുഞ്ഞിനെ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുമില്ലെന്നും പൊലീസ് പറഞ്ഞു. ശുചിമുറിയില്‍വച്ച് പ്രസവം നടന്നതാണോ എന്നതിന്‍റെ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്നേദിവസം വിമാനത്താവളത്തിലെത്തിയതും വിമാനത്താവളം വഴി പോയതുമായ എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്. യാത്രക്കാരില്‍ ഗര്‍ഭിണികളെ തിരിച്ചറിയുന്നതിനും ശ്രമം നടക്കുന്നുണ്ട്.
സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംശയിക്കപ്പെടുന്നവരുടെ എല്ലാ നീക്കവും നിരീക്ഷിക്കുന്നതായി പൊലീസ് അറയിച്ചു. കുഞ്ഞിനെ ശുചിമുറിയില്‍ ഉപേക്ഷിച്ചത് ആരാണെങ്കിലും ആ വ്യക്തിക്ക് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആരിലും സംശയം ജനിപ്പിക്കാതെ പുറത്തേക്ക് പോകാന്‍ സാധിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതി അനധികൃതമായി വിമാനത്താവളത്തില്‍ പ്രവേശിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.