AI Generated Image

AI Generated Image

TOPICS COVERED

അപകടത്തില്‍ പരുക്കേറ്റ്  ശാരീരിക പരിമിതികള്‍ സംഭവിച്ച് ചികില്‍സയിലായിരുന്ന ഭാര്യയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞതായി പരാതി. കൊല്‍ക്കത്തയിലെ അപ്പോളോ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ കേസ് നല്‍കിയതോടെ കോടതിയില്‍ ഹാജരായ ഭര്‍ത്താവ്, ഭാര്യയെ ചികില്‍സിക്കാനോ, ആശുപത്രിയിലെ ബില്ലൊടുക്കാനോ തനിക്ക് സാമ്പത്തികശേഷിയില്ലെന്ന് തുറന്ന് പറയുകയായിരുന്നു. 

2021 സെപ്റ്റംബറിലാണ് 40കാരിയായ സ്ത്രീയെ തലയ്ക്കേറ്റ പരുക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ ന്യൂറോ സര്‍ജറിയുള്‍പ്പടെ നടത്തി. 

അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട യുവതി നിലവില്‍ അരയ്ക്ക് താഴേക്ക് തളര്‍ന്ന നിലയിലാണ്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ജനറല്‍ വാര്‍ഡിലാണ് നിലവില്‍ ഇവരുള്ളത്. ഒരു കോടി രൂപയിലേറെയാണ് ഇവരുടെ ആശുപത്രി ബില്ലെന്നാണ് അധികൃതര്‍  വ്യക്തമാക്കുന്നു. ഇന്‍ഷൂറന്‍സ് ഇനത്തില്‍ ആറുലക്ഷം രൂപ മാത്രമാണ് യുവതിയെ ചികില്‍സിച്ച ഇനത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു. ഇനി രോഗിയെ പരിചരിക്കാനാവില്ലെന്നും അധികൃതര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ്  ഭര്‍ത്താവ്  താമസിക്കുന്നതെന്ന് വ്യക്തമാക്കുന്ന  രേഖകളും അധികൃതര്‍ കോടതിയില്‍ ഹാജരാക്കി. 

കുടുംബപ്രശ്നത്തില്‍ കോടതി ഇടപെടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ അഭയ കേന്ദ്രങ്ങളിലൊന്നിലേക്ക് യുവതിയെ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അമൃത സിന്‍ഹ നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ പരിചരിക്കാനുള്ള സൗകര്യമോ ജീവനക്കാര്‍ക്ക്  പരിശീലനമോ ലഭിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം.

ENGLISH SUMMARY:

A woman in Kolkata, left by her husband in a hospital after a serious accident, faces a one crore rupee hospital bill. The husband claims financial incapacity and is now living with another woman.