ഇൻഡോനേഷ്യയില്‍ 51കാരനെ മുതല കടിച്ചു കൊന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, പൊലീസ് ഉദ്യോഗസ്ഥർ മുതലയെ വെടിവച്ചു കൊന്ന ശേഷമാണ് മൃതദേഹം വീണ്ടെടുത്തത്. സദർവിനാത എന്നയാളാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇൻഡോനേഷ്യയിലെ മദ്ധ്യ സുലവേസിയിലുള്ള തലിസേ ബീച്ചില്‍ വെച്ചാണ് മുതലയുടെ ആക്രമണം ഉണ്ടായത്. മാർച്ച് 27നായിരുന്നു സംഭവം. 51കാരന്‍ നീന്തുന്നതിനിടെ, മുതല അയാളുടെ അടുത്തേക്ക് നീന്തിയെത്തുന്നത് ബീച്ചിലെത്തിയ മറ്റ് സഞ്ചാരികൾ കണ്ടിരുന്നു. ഇവർ ഉടന്‍ തന്നെ അയാള്‍ക്ക് മുന്നറിയിപ്പ് നൽകി.
മുതല അടുത്തേക്ക് വരുകയാണ്, വെള്ളത്തില്‍ നിന്ന് കയറൂ – മറ്റ് സഞ്ചാരികളുടെ ഈ വാക്കുകളെ അവഗണിച്ച് സദർവിനാത നീന്തൽ തുടർന്നു. നിമിഷനേരം കൊണ്ട് മുതല ഇയാളെ കടിച്ചെടുത്ത് വെള്ളത്തിൽ മുങ്ങുകയായിരുന്നു. പ്രാദേശിക അധികൃതർ നടത്തിയ ഡ്രോൺ പരിശോധനയിൽ സദർവിനാതയുടെ മൃതദേഹം കടിച്ചെടുത്ത് നീന്തുന്ന മുതലയെ തീരത്തിന് സമീപം കണ്ടെത്തി.
മുതലയുടെ അടുത്തേക്ക് പോകുന്നത് അപകടകരമായതിനാല്‍, പൊലീസ് ഉദ്യോഗസ്ഥർ മുതലയെ വെടിവച്ചു കൊന്ന ശേഷം മൃതദേഹം വീണ്ടെടുക്കുകയായിരുന്നു. ബീച്ചിലെത്തുന്നവർക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ അക്രമകാരികൾ അടക്കം 14 തരം മുതലകളാണ് ഇൻഡോനേഷ്യയിലുള്ളത്.