AI Generated, പ്രതീകാത്മക ചിത്രം

AI Generated, പ്രതീകാത്മക ചിത്രം

വിവാഹത്തിനു ഒമ്പത് ദിവസം ബാക്കിനില്‍ക്കെ മകളുടെ ഭാവിവരനൊപ്പം അമ്മ ഒളിച്ചോടിപ്പോയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സ്വര്‍ണവും പണവുമായാണ് ഭാവി അമ്മായിയമ്മയും ഭാവി മരുമകനും കടന്നുകളഞ്ഞത്. 

മകളുടെ കല്യാണഒരുക്കങ്ങള്‍ക്കിടെയാണ് ഭാവിമരുമകനും അമ്മായിയമ്മയും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. ഏപ്രില്‍ 16നാണ് മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്. മകള്‍ക്കായി കുടുംബം വാങ്ങിവച്ച സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമായാണ് വധുവിന്റെ അമ്മ ഒളിച്ചോടിയത്. മകളുടെ കല്യാണത്തിനായുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയത് ഈ അമ്മ തന്നെയായിരുന്നു. ഒരുക്കങ്ങള്‍ക്കിടെ ഈ വീട്ടിലേക്ക് മകളുടെ വരന്‍ ഇടക്കിടെ വരുന്നതും പതിവായിരുന്നു. വലിയ അസ്വാഭാവികതയൊന്നും ബന്ധുക്കള്‍ക്കും തോന്നിയിരുന്നില്ല. 

എന്നാലിതിനിടെ അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയ മരുമകന്റെ പ്രവൃത്തിയില്‍ ചില കുടുംബാംഗങ്ങള്‍ക്ക് അതൃപ്തി തോന്നിയെങ്കിലും വലിയ കാര്യമാക്കിയില്ല. കല്യാണത്തിനായി ക്ഷണക്കത്ത് നല്‍കുന്നതുള്‍പ്പെടെയുളള തയ്യാറെടുപ്പുകളെല്ലാം ഇരുകുടുംബങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഷോപ്പിങ്ങിനെന്നു പറഞ്ഞാണ് അമ്മായിയമ്മയും ഭാവി മരുമകനും വീട്ടില്‍ നിന്നുപോയത്, എന്നാല്‍ തിരിച്ചുവരാതായതോടെയാണ് വീട്ടിലെ സ്വര്‍ണാഭരണങ്ങളടക്കമുള്ളവ ബന്ധുക്കള്‍ പരിശോധിക്കുന്നത്.  

കാര്യം ബോധ്യപ്പെട്ടതോടെ ഇരുകുടുംബങ്ങളും പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ട്രാക്കിങ്ങിലൂടെ ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ .സ്വന്തം മകളുെട ഭാവി ചതച്ചരച്ച അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

ENGLISH SUMMARY:

Just nine days before the wedding, a mother reportedly eloped with her daughter's fiancé. The incident took place in Aligarh, Uttar Pradesh. The future mother-in-law and future son-in-law fled with gold and cash.