വഴിമാറാന്‍ ‘എക്സ്‌ക്യൂസ് മീ’ എന്നു പറഞ്ഞതിന് യുവതിയെ മര്‍ദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെയായിരുന്നു സംഭവം. ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലേക്ക് പ്രവേശിക്കുന്നതിനിടെ കവാടത്തില്‍ വഴിതടഞ്ഞു നിന്ന യുവാവിനോട് വശത്തേക്ക് മാറിനില്‍ക്കാനായിരുന്നു യുവതി ‘എക്സ്ക്യൂസ് മീ’യെന്നു പറഞ്ഞത്. മറാത്തി സംസാരിച്ചില്ലെന്ന് പറഞ്ഞ് പിന്നാലെ ഒരുകൂട്ടം ആളുകള്‍ യുവതികളെ മര്‍ദിക്കുകയായിരുന്നു.
യുവതികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെയാണ് സംഭവം നടന്നത്. മറാത്തി ഭാഷയില്‍ മാറിനില്‍ക്കാന്‍ പറയണമെന്ന് യുവാവ് ആവശ്യപ്പെടുകയും വാഹനത്തിന്റെ ഹാന്‍ഡില്‍ പിടിച്ചുതിരിക്കുകയും ചെയ്തു. ബഹളം കേട്ടതോടെ മൂന്നാലു സ്ത്രീകളും രണ്ട് പുരുഷന്‍മാരും വന്ന് യുവതികളെ മര്‍ദിക്കുകയായിരുന്നെന്ന് വിഷ്ണുനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
മഹാരാഷ്ട്ര ബാങ്കുകളിലെ ജീവനക്കാര്‍ എല്ലാവരും മറാത്തി സംസാരിക്കണമെന്നാവശ്യപ്പെട്ട് എംഎന്‍എസ് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവം.