മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെന്നൈ ചെങ്കല്‍പേട്ടില്‍ അരയപക്കം സ്വദേശി മണികണ്ഠന്‍ (29) ആണ് മരിച്ചത്. കൂലിപണിക്കാരനായ മണികണ്ഠന്‍ ചൊവ്വാഴ്ച കീഴാവാലം തടാകത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ് സംഭവം.
വെള്ളം കുറഞ്ഞ തടാകത്തില്‍ കൈകൊണ്ട് മീന്‍പിടിക്കുകയായിരുന്നു മണികണ്ഠന്‍. രണ്ട് മീനിനെ പിടിച്ച ഇയാള്‍ ഒരു മീനിനെ രണ്ട് കൈകൊണ്ടും മറ്റൊന്നിനെ വായിലും ഇറുക്കി പിടിച്ചു. ഇതിനിടെ ജീവനുള്ള മീന്‍ തൊണ്ടയിലേക്ക് ഇറങ്ങിയാണ് മരണം സംഭവിച്ചത്.
മൂര്‍ച്ചയുള്ള ചിറകുകളുള്ള തരം മീനാണ് യുവാവിന്‍റെ തൊണ്ടയില്‍ കുടുങ്ങിയത്. മീനിന്‍റെ തലഭാഗം വായയ്ക്ക് ഉള്ളിലായതിനാല്‍ ആഴ്ന്നിറങ്ങി ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മീന്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങി. പരിഭ്രാന്തനായി വീട്ടിലേക്ക് ഓടിയ മണികണ്ഠന്‍ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്കല്‍പേട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.