Image Credit: X
റീലെടുക്കാനും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും പല തരത്തിലുള്ള അഭ്യാസങ്ങള്‍ നമ്മള്‍ ദിവസേന കാണുന്നുണ്ട്. ചിലപ്പോഴെല്ലാം ചിലതെല്ലാം അതിരുകടക്കുകയും ജീവന്‍ പണയം വച്ചുകൊണ്ടുള്ള പ്രവൃത്തികളുമാകാറുണ്ട്. അത്തരത്തില്‍ റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
ഉത്തര്‍ പ്രദേശിയെ ഉന്നാവോയില്‍ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ സംഭവം അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ ബാദ്ഷാ എന്ന ചിത്രത്തിലെ സംഗീതത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കിടക്കുന്ന യുവാവിനെ ആദ്യം കാണാം. പിന്നാലെ ട്രെയിന്‍ വരുന്നു. യുവാവിന് മുകളിലൂടെ കടന്നുപോകുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന യുവാവ് ട്രെയിന്‍ പോയി നിമിഷങ്ങള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടന്നുപോകുകയും ചെയ്യുന്നു. വിഡിയോ വൈറലായതിന് പിന്നാലെ റെയിൽവേ പൊലീസ് ഇടപെടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നാവോയിലെ ഹസൻഗഞ്ചിലെ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്.
സമാനമായ രണ്ടാമത്തെ സംഭവം അരങ്ങേറുന്നത് അസാമിലെ സിൽച്ചാറിലാണ്. ഉത്തര്‍ പ്രജേശിലെ സംഭവം റെയില്‍വേ സ്റ്റേഷന് സമീപമാണെങ്കില്‍ രണ്ടാമത്തെ സംഭവം പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ നിന്നു തന്നെയാണ് ചിത്രീകരിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്. തിങ്കളാഴ്ച ലാല റെയിൽവേ സ്റ്റേഷന് സമീപമുള്ള രംഗ്പൂരിലാണ് സംഭവം. ഹെയ്‌ൽകണ്ടിയിൽ നിന്നുള്ള 27കാരന്‍ പാപ്പുൽ ആലം ബർഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുന്‍ര് ട്രാക്കില്‍ കിടന്ന് സമാനരീതിയില്‍ അപകടകരമായി റീല്‍ ചിത്രീകരിച്ചത്. സംഭവം വൈറലായിരിക്കെ കടുത്ത നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.