അട്ടപ്പാടി ചുരം കയറുന്ന വിനോദസഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്നൊരു പാലമുണ്ട് അടിയകണ്ടിയൂരില്‍. നിര്‍മാണ മികവ് കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ഇരുകര തൊടാതെ നില്‍ക്കുന്ന ആകാശപ്പാലം. പറഞ്ഞറിഞ്ഞ് അന്വേഷിച്ചെത്തുന്നവര്‍ ഒറ്റനോട്ടത്തില്‍ പറയും കോടികള്‍ ചെലവഴിച്ചാലെന്ത് ഇത് നിര്‍മിച്ചത് ആരായാലും മിടുക്കന്‍ തന്നെ.
മറുകരയിലേക്കിറങ്ങാന്‍ വഴികാണാതെ രൂപരേഖയുണ്ടാക്കി പാലം പണിഞ്ഞവര്‍ ആരായാലും സാങ്കേതിക വിദ്യയില്‍ ഏറെ മികവുള്ളവരായിരിക്കും. വടമെറിഞ്ഞ് മരത്തില്‍ തൂങ്ങിയാടി പുഴ കടക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇതുവഴി വീട്ടിയൂരിലെ ആദിവാസി ഊരിലെത്താം.
നടപ്പാലമെന്ന മട്ടിലെങ്കിലും പ്രയോജനം കിട്ടണമെങ്കില്‍ മറുകരയില്‍ വഴിയുണ്ടാക്കാൻ സ്വകാര്യ ഭൂവുടമകൾ കനിയണം. രണ്ട് കോടിയിലേറെ ഇതുവരെ ചെലവാക്കിയെന്നാണ് കണക്ക്. ഭവാനിപ്പുഴയുടെ ഒഴുക്ക് കൂടുന്നതിനനുസരിച്ച് ലക്ഷങ്ങള്‍ അട്ടപ്പാടി ചുരമിറങ്ങിയോ എന്നും നാട്ടുകാരുടെ സംശയം. കാട്ടിലെ തടി തേവരുടെ ആന. പിന്നെന്തിന് നാം നിരാശപ്പെടണം. വിനോദസഞ്ചാരികളെ എത്തിച്ചെങ്കിലും മുടക്കിയ പണം തിരിച്ചുപിടിക്കാമെന്നാവും സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവുക.