TOPICS COVERED

മലയോര ഹൈവേയുടെ ഭാഗമായ ഇടുക്കി കമ്പംമെട്ട് വണ്ണപ്പുറം പാതയുടെ നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് നാട്ടുകാർ. മഴയത്ത് ടാറിങ് നടത്തിയ റോഡ് പൊളിഞ്ഞതോടെ മുണ്ടിയെരുമയിൽ പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി. 78 കോടി രൂപ  ചെലവിൽ നിർമ്മിക്കുന്ന റോഡാണ് ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞത്.

ഇന്നലെ ചെയ്ത ടാറിങ്ങാണിത്. പായ ചുരുട്ടി എടുക്കുന്ന പോലെ റോഡ് പൊളിയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പെരുമഴയത്ത് ടാറിങ് നടത്തിയതിന് ചൊല്ലി ഇന്നലെ നാട്ടുകാർ തർക്കമുണ്ടായതോടെ ടാറിങ് ജോലികൾ നിർത്തിവെച്ചെങ്കിലും രാത്രിയിൽ ടാറിങ് തുടരുകയായിരുന്നു.  കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന തൂക്കുപാലം വരെ പണി പൂർത്തിയായിട്ടുണ്ട്. ഇതിൽ തൂക്കുപാലം ടൗൺ മുതൽ കല്ലാർ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്നാണ് നാട്ടുകാരുടെ ആരോപണം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.