ഈരാറ്റുപേട്ട തീക്കോയിയിൽ പഞ്ചായത്ത് അംഗത്തെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തീക്കോയി പഞ്ചായത്ത് അംഗം പി എസ് രതീഷിനു നേരെയാണ് വധ ശ്രമമുണ്ടായത് . തലേദിവസം കമ്പിവടിയുമായെത്തി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു വധശ്രമം. കായംകുളം സ്വദേശി വിവേക് കുഞ്ഞുമോനെ (38)യാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്
രതീഷിനുനേരെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അതിക്രമമുണ്ടായത്. വർഷങ്ങളായി തീക്കോയി ടൗണിൽ ലോൺട്രി നടത്തിപ്പുകാരനാണ് വിവേക്. സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വഴക്കടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. രതീഷുമായി ഇയാള്‍ അത്രരസത്തിലായിരുന്നില്ല ബുധനാഴ്‌ച രാത്രി ഏഴരയോടെ മദ്യപിച്ച് ഇരുമ്പുവടിയുമായി തീക്കോയിയിലെ സിപിഐ ഓഫീസിൽ എത്തി രതീഷിനെതിരെ വിവേക് വധഭീഷണി മുഴക്കി.
പിറ്റേന്ന് രതീഷ് തീക്കോയി ടൗണിൽ സ്വന്തം ജീപ്പിലിരിക്കവേ വാനിലെത്തിയ വിവേക് ജീപ്പിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. അക്രമിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതോടെ രതീഷ് പൊലീസിൽ പരാതി നല്‍കി സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി വധശ്രമമടക്കമുള്ള കേസുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ വിവേകിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.