മനോരമ ന്യൂസിന്‍റെ കുഴിവഴി ജാഥ കടന്നുപോയതിനു പിന്നാലെ, തൃശൂര്‍–കുന്നംകുളം റോഡിലെ അറ്റക്കുറ്റപ്പണി ഏറെക്കുറെ പൂര്‍ത്തിയായി. കുഴിവാതിര നടന്ന കേച്ചേരിയിലും ഹൈക്കോടതി ജഡ്ജിയുടെ കാറിന്‍റെ ടയര്‍ പൊട്ടിയ മുണ്ടൂരിലും റോഡിലെ കുഴിയടച്ചു. നാട്ടുകാര്‍ മനോരമ ന്യൂസിന് നന്ദിപറഞ്ഞു.
ഏറെക്കാലമായി നടുവൊടിഞ്ഞ് കുന്നംകുളം റോഡില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് ഇനി അല്‍പം ആശ്വസിക്കാം. കുഴികള്‍ ഏറെക്കുറെ അടച്ചു. കുഴിവാതിര കളിച്ച കേച്ചേരിയില്‍ ഒരുഭാഗം കുഴികള്‍ അടച്ചു. ഇനിയും ബാക്കിയുണ്ട്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ കുഴിയില്‍ വീണ് ടയര്‍പൊട്ടിയ ഭാഗത്തും നേരെയാക്കി. ഇവിടെ, കുഴികള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്.
മനോരമ ന്യൂസിന്‍റെ കുഴിവഴി ജാഥ ഈ രണ്ടിടങ്ങളിലും നാട്ടുകാരെ പങ്കെടുപ്പിച്ച് പ്രതികരണം ആരാഞ്ഞിരുന്നു. നവമാധ്യമങ്ങളിലും ഈ റോഡിലെ കാഴ്ചകള്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്, അറ്റക്കുറ്റപണിയ്ക്കു വേഗം കൂട്ടിയത്. റോഡ് പൂര്‍ണമായും റീ ടാര്‍ ചെയ്താല്‍ മാത്രമേ യാത്ര സുഖകരമാകൂ. തൃശൂരില്‍ നിന്ന് കുറ്റിപ്പുറം വരെ മുപ്പത്തിമൂന്നു കിലോമീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്യാന്‍ പദ്ധതിയുള്ളതിനാല്‍ റീ ടാറിങ് പെട്ടെന്നുണ്ടാകില്ല. പത്തൊന്‍പതു കിലോമീറ്റര്‍ ദൂരം ഇതിനോടകം കോണ്‍ക്രീറ്റിങ് കഴിഞ്ഞിട്ടുണ്ട്.