വെറുമൊരു നടപ്പാത മാത്രമായിരുന്നു തുടക്കത്തില്‍ . പിന്നീടത് ശീതീകരിക്കാന്‍ തീരുമാനിച്ചു . ഒടുവില്‍ എത്തിനില്‍ക്കുന്നത് ഒരു വ്യൂപോയിന്‍റിന്‍റെ ലെവലില്‍. ആകാശപ്പാതയുടെ മേല്‍കൂരയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതോല്‍പാദനത്തിനും ആലോചനയുണ്ട് . ആകാശപ്പാത എങ്ങിനെയെല്ലാ ആദായകരമാക്കാമെന്നാണ് തൃശൂര്‍ കോര്‍പ്പറേഷന്‍റെ ആലോചന. പരസ്യ ബോര്‍ഡില്‍ നിന്ന് മാത്രം പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത് 30ലക്ഷം രൂപയാണ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് കോര്‍പറേഷന്‍ ആകാശപ്പാത നിര്‍മിച്ചത്. മൊത്തം ചെലവ് പതിനൊന്നു കോടി രൂപ. പ്രതിദിനം പതിനയ്യായിരം ആളുകള്‍ വരെ ആകാശപ്പാത ഉപയോഗിക്കുന്നുണ്ട്. തിരക്കേറിയ സ്ഥലമാണ് ശക്തന്‍തമ്പുരാന്‍ ജംക്ഷന്‍. ആളുകള്‍ക്ക് റോഡു കുറുകെ കടക്കലാണ് പ്രയാസം. പച്ചക്കറി, ഫിഷ് മാര്‍ക്കറ്റ്. ബസ് സ്റ്റാന്‍ഡ് അങ്ങനെ ഏറ്റവും തിരക്കേറിയ ഇടമാണ് ഇവിടം. സുഗമമായ യാത്രയ്ക്കു കൂടിയാണ് ആകാശപ്പാത നിര്‍മിച്ചത്. ബസ് സ്റ്റാന്‍ഡിലേക്കും മാര്‍ക്കറ്റിലേയ്ക്കും റോഡു കുറുകെ കടക്കാതെ തന്നെ ആകാശപ്പാത വഴി കടക്കാം. നാലു ലിഫ്റ്റുകളുണ്ട്. അതുക്കൊണ്ടുതന്നെ, ചവിട്ടുപടികള്‍ കയറേണ്ട. ഇതിനു പുറമെ, മുഴുവന്‍ സമയവും എ.സി. പതിനാറു ജീവനക്കാരുണ്ട് ആകാശപ്പാതയുടെ നോട്ടക്കാരായി.
ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ മൂന്നിലൊരിടത്തു മാത്രമാണ് സോളര്‍ വൈദ്യുത പാനല്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. എല്ലായിടത്തും പാനല്‍ സ്ഥാപിച്ചാല്‍ വന്‍തോതില്‍ വൈദ്യുതോല്‍പാദനം നടത്താം. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന അപൂര്‍വം തദ്ദേശസ്ഥാപനമാണ് തൃശൂര്‍ കോര്‍പറേഷന്‍. വൈദ്യുതിവില്‍പനയിലൂടെയും ലാഭം കൊയ്യാം. ഇതിനെല്ലാം പുറമെ, തൃശൂരിന്റെ ടൂറിസം ഐക്കണായി ആകാശപ്പാത മാറി.
ആകാശപ്പാതയുടെ അകത്തെ വീതി മൂന്നു മീറ്ററാണ്. ഇതില്‍ ഒരുഭാഗം ചെറിയ കടകള്‍ തുടങ്ങാന്‍ അനുവദിക്കും. അതുവഴിയ്ക്കും കോര്‍പറേഷന് ലാഭം കിട്ടും. ഡിജിറ്റല്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ടെന്‍ഡറാണ് ഇതിനു ക്ഷണിച്ചിട്ടുള്ളത്. ഇതുമുഖേനയും കൂടുതല്‍ വരുമാനം കിട്ടുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. നല്ലരീതിയില്‍ പരിപാലിച്ചു കൊണ്ടുപോകാന്‍ രണ്ടു ഷിഫ്റ്റുകളിലായി പതിനാറു ജീവനക്കാരുമുണ്ട്.