TOPICS COVERED

കേരളത്തില്‍ ആദ്യമായി നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വനിതാ സെക്യൂരിറ്റി ടീം രൂപീകരിച്ചത് കണ്ണൂർ പയ്യന്നൂർ നഗരസഭയിലാണ്. സെക്യൂരിറ്റിയായി ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലൊരു വനിതാ സെക്യൂരിറ്റി ടീം എന്ന ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ പദ്ധതി തുടങ്ങിയത്.ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് അപേക്ഷിച്ചകരിൽ നിന്ന് 35 പേരെ തെരഞ്ഞെടുത്തു. രണ്ട് ദിവസത്തെ പരിശീലനം നല്‍കി 28 പേര്‍ക്ക് പ്രത്യേക യൂണിഫോം ഉള്‍പ്പെടെ തയാറാക്കി നല്‍കി വനിതാ സെക്യൂരിറ്റി ടീമെന്ന നിലയില്‍ സജ്ജരാക്കി. 

ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, കല്യാണങ്ങള്‍, മേളകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ വനിതാ സെക്യൂരിറ്റികളെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ സംരംഭ മാതൃകയില്‍, പ്രതിഫലം വാങ്ങി ഇവരുടെ സേവനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

  2017ൽ ആരംഭിച്ച പദ്ധതിയിൽ പരിശീലനം ലഭിച്ച 16 ഓളം സ്ത്രീകൾ ഇന്നും സെക്യൂരിറ്റിയായി ജോലി ചെയ്തു വരുന്നുണ്ട്. മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന ആശയമാണ് പയ്യന്നുർ നഗരസഭ വിജയകരമായി നടപ്പാക്കിയത്.