നാട്ടുകാര്‍ക്ക് ഉപകാരമാകുമെന്ന് കരുതി പണിത റെയില്‍വേ സ്റ്റേഷന്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു തലവേദനയാണ്. ശബരി റെയില്‍ പദ്ധതിയിലെ കാലടി റെയില്‍വേസ്റ്റേഷനാണ് പ്രദേശവാസികള്‍ക്ക് മുട്ടന്‍ പണി കൊടുക്കുന്നത്. ഉപേക്ഷിച്ച നിലയിലുള്ള കെട്ടിടം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.
കാലടി നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നുമാറി, കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടം. പെട്ടെന്നൊന്നും ആരുടേയും ശ്രദ്ധയെത്തില്ല. ഇക്കാരണങ്ങള്‍ മൂലം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളടക്കം ഇവിടേയ്ക്കെത്തുന്നു. പരസ്യ മദ്യപാനവും ലഹരി ഉപയോഗവും നാട്ടുകാര്‍ തന്നെ കയ്യോടെ പൊക്കിയിട്ടുണ്ട്, പലതവണ. സ്റ്റേഷന്‍ ചുമരില്‍ നിറയെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും.
അടുത്തു താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് കൂടുതല്‍ ദുരിതം. രാവിലെ മുതല്‍ രാത്രി വരെ ആളൊഴിഞ്ഞ നേരമുണ്ടാവില്ല, കെട്ടിടത്തില്‍. നാട്ടുകാര്‍ വിലക്കിയാല്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തും. പൊലീസിനോട് പരാതിപ്പെട്ടാല്‍ ഇടയ്ക്കൊന്നു പട്രോളിങ് നടത്തും. അതുകൊണ്ടു പ്രയോജനമൊന്നുമുണ്ടാവാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.