angamaly-erumeli-sabari-rai

അങ്കമാലി–എരുമേലി ശബരി റെയില്‍ പദ്ധതിക്ക് വീണ്ടും പ്രതീക്ഷ. പദ്ധതിക്കായി ത്രികക്ഷി കരാര്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദേശം. കരാര്‍ തയാറാക്കണമെന്നാവശ്യപ്പെട്ട് കെ–റയിലിന് അഡീഷനല്‍ ഗതാഗത സെക്രട്ടറി അയച്ച കത്ത് മനോരമ ന്യൂസിന് ലഭിച്ചു.  മനോരമ ന്യൂസ് വാര്‍ത്താപരമ്പരയില്‍ പദ്ധതിയുടെ മെല്ലെപ്പോക്ക് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സില്‍വര്‍ലൈന്‍ നടന്നില്ലെങ്കിലും, കെ റയിലിന് ഇനി ശബരി റയിലിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. കഴിഞ്ഞ 16ന് മുഖ്യമന്ത്രിയും റയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പുതിയ നീക്കം. 

 

ചര്‍ച്ചയില്‍ പദ്ധതി വിഹിതം പകുതി വഹിക്കാമെന്ന് അറിയിച്ച സംസ്ഥാനത്തിനു മുന്‍പില്‍ കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശമാണ് ത്രികക്ഷി കരാര്‍. മാഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇതേ മാതൃകയില്‍ റെയില്‍വേ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ സംസ്ഥാനവും ആര്‍ബിഐയും റെയില്‍വേയും ചേര്‍ന്ന് ത്രികക്ഷി കരാര്‍ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച്, നിലവിലെ എസ്റ്റിമേറ്റ് തുകയായ 3810 കോടിയുടെ പകുതി സംസ്ഥാനം വഹിക്കണം. ഇതില്‍, വീഴ്ച വരുത്തിയാല്‍ ആര്‍ബിഐ സാമ്പത്തികമായി സഹായിക്കണമെന്നാണ് നിര്‍ദേശം. 

കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ചുനോക്കിയാല്‍, മറ്റ് മാര്‍ഗങ്ങളേക്കാള്‍ ത്രികക്ഷികരാര്‍ എന്തുകൊണ്ടും  സംസ്ഥാനത്തിന് ഉപകാരപ്പെടും. ഇതിനുള്ള നടപടികളിലേക്ക് കടക്കണം എന്നാവശ്യപ്പെട്ടാണ് അഡീഷണല്‍ ഗതാഗത സെക്രട്ടറി കെ–റെയിലിന് കത്തയച്ചത്. പുതുക്കിയ കരാര്‍ സമര്‍പ്പിക്കണമെന്നാണ് പ്രധാനമായും കത്തിലുള്ളത്. പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ട് റെയില്‍വേയ്ക്ക് യഥാസമയം നല്‍കാമെന്ന് ഉറപ്പുനല്‍കുന്ന കത്തും ഇതിന്‍റെ ഭാഗമായി കെ.റെയില്‍ തയ്യാറാക്കണം. 25 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ ഫലമായി പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനോരമ ന്യൂസ് പരമ്പരയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ENGLISH SUMMARY:

Hope again for Angamaly-Erumeli Sabari rail project