TOPICS COVERED

റോഡുകളിലെ കുഴികളെപ്പറ്റിയുടെ മനോരമ ന്യൂസ് പരമ്പരയെ തള്ളി പറയുന്ന മന്ത്രി മുഹമ്മദ് റിയാസിന് മുന്നിൽ വയ്ക്കുകയാണ് വൈക്കം വെള്ളൂരിൽ നിന്നുള്ള വീട്ടമ്മയുടെ ഈ അനുഭവം. നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും, ചുമതലക്കാരായ കെഎസ്ടിപി നന്നാക്കാത്ത റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരി ശ്രീവിദ്യയുടെ ജീവിതം ഇനി ആറുമാസം കട്ടിലിലാണ്. കാലിന് ഗുരുതര പരുക്കേറ്റ ശ്രീവിദ്യ തന്നെ റോഡിലെ കുഴിയാത്രയെ പറ്റി മന്ത്രി മുഹമ്മദ് റിയാസിനോട് പറയുകയാണ്. 

പ്ലസ് വണ്ണിനും രണ്ടിലും പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളുടെയും വെൽഡിഗ് ജോലികൾ ചെയ്യുന്ന ഭർത്താവിന്‍റെയും താങ്ങായിരുന്ന  ശ്രീവിദ്യ എന്ന വീട്ടമ്മയ്ക്ക് കഴിഞ്ഞദിവസമാണ് വെള്ളൂർ റോഡിലെ കുഴി പണി കൊടുത്തത്. 

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടാവശ്യത്തിനായി വെള്ളൂരിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു കുഴിയിൽ വീണത്. മുമ്പിൽ പോയ വാഹനം കുഴികണ്ട് പെട്ടെന്ന്  നിർത്തിയപ്പോൾ സ്കൂട്ടർ നിർത്തി കാലുകുത്തിയത് വെള്ളം നിറഞ്ഞ പാതാള കുഴിയിലായിരുന്നു. പിന്നെ ഓർമ്മ വന്നപ്പോൾ ആശുപത്രിയിലും.

വലതുകാൽ പാദത്തിന് മുകളിൽ പൊട്ടിയ അസ്ഥി ശസ്ത്രക്രിയ നടത്തി സ്റ്റീൽ പ്ലേറ്റ് ഇട്ട് വിശ്രമത്തിലാണ് ശ്രീവിദ്യ.  റീബില്‍ഡ് കേരളയിൽ 111കോടിമുടക്കി പണിയുന്ന പദ്ധതിയിൽ ചന്തപ്പാലം- വെള്ളൂര്‍-മുളക്കുളം റോഡിലാണ് അപകടങ്ങൾ തുടർക്കഥയാവുന്നത്. ഇടയ്ക്കിടെ റോഡിന്‍റെ അറ്റകുറ്റപ്പണിക്കായി പണം അനുവദിക്കുന്നതല്ലാതെ  കാര്യമായ മാറ്റം ഒന്നും ഇല്ലെന്നത്  ബഹുമാനപ്പെട്ട മന്ത്രിക്ക് വേണമെങ്കിൽ നേരിട്ട് വന്നു കണ്ട ഉറപ്പിക്കാവുന്നതാണ്.

ENGLISH SUMMARY:

Scooter rider seriously injured after falling into a pothole in Vaikom.