കുഴിവഴി ജാഥയിലൂടെ വൈറലായ, കുഴിശ്രീ പുരസ്കാരം നേടിയ പുലാമന്തോള്‍ – പെരിന്തല്‍മണ്ണ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. അടുത്ത മേയ് 25ന് അകം റോഡ്പണി പൂര്‍ത്തിയാക്കണം. ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ റോഡ് റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടിയ റോഡ് പാലക്കാട് – ജില്ലയെ മലപ്പുറവുമായി ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന റോഡുകളിലൊന്നാണ്.
കുഴിവഴി ജാഥയില്‍ പാട്ടായും കുഴി ഒപ്പനയുമായും സജീവപങ്കാളിത്തമുണ്ടായിരുന്നു. ദുരിതം സഹിച്ച് സഹിച്ചും പരാതി പറഞ്ഞിട്ടും ഫലമില്ലാതായിട്ട് ഒരു പതിറ്റാണ്ടിലേറെയായപ്പോഴുള്ള പ്രതിഷേധമായിരുന്നു നാട്ടുകാരിയായ സലീനയുടെ പാട്ടില്‍. എന്തായാലും പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗം നവംബർ 20നകം ഗതാഗതയോഗ്യമാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച യോഗത്തില്‍ തീരുമാനമായി. പണി വേഗത്തിലാക്കാന്‍ കരാറുകാർക്കും കര്‍ശന നിര്‍ദേശം നല്‍കി.
ഒക്ടോബർ 18നകം കട്ടുപ്പാറ മുതൽ പുളിങ്കാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കും. 2025 മെയ് മാസത്തിനകം റോഡ് പ്രവർത്തി പൂർണമായി പൂർത്തിയാക്കാനാണു നിർദ്ദേശം നൽകിയത്. നിലവിൽ നടന്ന ജോലിയുടെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം പരിശോധിക്കുകയും ചെയ്യും. കുഴിവഴി ജാഥ എത്തിയപ്പോള്‍ നാട്ടുകാര്‍ കുഴി ഒപ്പന എന്ന കലാരൂപം ആദ്യമായി പരീക്ഷിച്ച റോഡാണിത്.