സ്ത്രീ ശാക്തീകരണത്തിന്‍റെ മാതൃകകളായ വനിതാസ്വയംസംരംഭകരുടെ വിജയങ്ങളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മനോരമന്യൂസ് ചാനല്‍ സംഘടിപ്പിച്ച 'പെണ്‍താരം'പരിപാടിയുടെ രണ്ടാം സീസണ് തുടക്കം കുറിക്കുകയാണ്.  വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം പത്തര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് ആദ്യസീസണില്‍ വിതരണം ചെയ്തത്.  കഴി‍ഞ്ഞ വര്‍ഷം ഈ സംരംഭത്തോടൊപ്പം സഹകരിച്ച മെഡിമിക്സ് എവിഎ ഗ്രൂപ്പാണ് രണ്ടാം സീസണിലും മുഖ്യപ്രായോജകര്‍.

2023 ഏപ്രില്‍ 29 ന് തുടക്കമിട്ട പെണ്‍താരം ഒന്നാം സീസണില്‍ ഒരു മാസംകൊണ്ട് അന്‍പതോളം വനിതകളുടെ വിജയകഥകള്‍ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വയം സംരംഭകത്വത്തിലൂടെ ജീവിത വിജയം കൈവരിച്ച വനിതകളെയും വനിതാ കൂട്ടായ്മകളെയുമാണ് അവതരിപ്പിച്ചത്. ഇതില്‍ നിന്ന് രണ്ടാംഘട്ടത്തിലേക്ക് പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ച് പത്തു കൂട്ടായ്മകളെയും പത്ത് വ്യക്തിഗത താരങ്ങളെയും തിരഞ്ഞെടുത്തു. ഇവര്‍ ജൂറി അംഗങ്ങള്‍ക്കു മുന്നിലെത്തി അനുഭവങ്ങള്‍ പങ്കിട്ടു. തുടര്‍ന്നുള്ള ഫിനാലെയില്‍ വ്യക്തികളും കൂട്ടായ്മകളുമായി എട്ട് വിജയികളെ തിരഞ്ഞെടുത്ത് ആദരിച്ചു. മൊത്തം പത്തര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്തത്. 

വ്യക്തിഗത ഇനത്തില്‍ തൃശൂരിലെ ഗീത സലീഷ്‍ ഒന്നാം സമ്മാനം നേടി. മഞ്ഞളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നമായ കുര്‍ക്കുമീലിന്‍റെ നിര്‍മാണവും വിപണനവുമാണ് കാഴ്ചശക്തിയില്ലാത്ത ഗീതയുടെ സംരംഭം. വയനാട്ടിലെ ജെയ്മി സജി രണ്ടാം സമ്മാനം നേടി. ചക്കക്കുരുവില്‍ നിന്ന് വൈവിധ്യമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന 'ജാക് ഫ്രെഷാ'ണ് ജെയ്മിയുടെ ബ്രാന്‍ഡ്. മൂന്നാം സമ്മാനം ബിന്ദു പള്ളിച്ചല്‍, അംബിക സോമസുന്ദരം എന്നിവര്‍ പങ്കിട്ടു. ബ്രഹ്മിയില്‍ നിന്ന് വിവിധ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന 'ആയുരാജ് ഇന്‍ഡസ്ട്രീസ്' കമ്പനിയുടെ ഉടമയാണ് ബിന്ദു. മുരിങ്ങയിലയിൽ നിന്ന് പത്തിലധികം ഉല്‍പന്നങ്ങള്‍ അംബികയുടെ 'ഡ്രൈമിക്സ്‌' എന്ന സ്ഥാപനം കയറ്റുമതി ചെയ്യുന്നു.

വനിതാ കൂട്ടായ്മകളില്‍ ഒന്നാം സമ്മാനം എറണാകുളം കുട്ടമ്പുഴയിലെ രൂപശ്രീ കുടംബശ്രീ യൂണിറ്റിനായിരുന്നു. കുട്ടമ്പുഴ കാട്ടിലെ കാപ്പിയുടെ സ്വാദ് ഇവര്‍ മലയാളിക്ക് പരിചയപ്പെടുത്തി. രണ്ടാം സമ്മാനം എറണാകുളം ഉദയംപേരൂരുള്ള കേരളശ്രീ വെര്‍ച്വല്‍ എംപ്ലോയ്മെന്റ് സര്‍വീസസ് കുടംബശ്രീ യൂണിറ്റ് നേടി. വനിതാ കൂട്ടായ്മയിലൂടെ 800 ൽപരം കുടുംബങ്ങൾക്ക് തൊഴിലും ജീവിത മാർഗവുമൊരുക്കുന്നു ഇവര്‍. മൂന്നാം സമ്മാനം കോഴിക്കോട് ടെക്നോവേൾഡ് ഐ.ടി കുടുംബശ്രീ യൂണിറ്റിനായിരുന്നു. ഐ.ടി.വൈദഗ്ധ്യം ഒന്നുമില്ലാത്ത ഒരു കൂട്ടം സ്ത്രീകള്‍ 20 വര്‍ഷം മുന്‍പ് തുടങ്ങിയ സംരംഭത്തില്‍ ഇന്ന് 40 പേര്‍ ജോലി ചെയ്യുന്നു. മലപ്പുറം ആനക്കയം യെല്ലോ ക്ളൗഡ് പില്ലോസ് കുടംബശ്രീ യൂണിറ്റ് ജൂറിയുടെ പ്രത്യേക പുരസ്കാരവും നേടി. ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കാന്‍ തലയിണ നിർമാണ യൂണിറ്റ് തുടങ്ങി വിജയം കൈവരിച്ച കൂട്ടായ്മയാണിത്.

നടിയും സംരംഭകയുമായ പൂര്‍ണിമ ഇന്ദ്രജിത്, ഡോ. എം.ബീന ഐഎഎസ്, ഡോ. നിര്‍മല പദ്മനാഭന്‍ എന്നിവരായിരുന്നു ആദ്യസീസണിലെ ജൂറി അംഗങ്ങള്‍.  മെഡിമിക്സ്–എ.വി.എ.ഗ്രൂപ്പുമായി സഹകരിച്ചാണ് പെണ്‍താരം പുരസ്കാരം മനോരമന്യൂസ് സംഘടിപ്പിച്ചത്. AVA ഗ്രൂപ്പ് MD ഡോ.എ.വി.അനൂപ്, സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍, നടന്‍ സണ്ണി വെയ്ന്‍  എന്നിവര്‍ ചേര്‍ന്ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. രണ്ടാം സീസണിലും പത്തുലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് സ്വയംസംരംഭങ്ങളിലൂടെ വിജയം കൈവരിച്ച വനിതകള്‍ക്കും  വനിതാകൂട്ടായ്മകള്‍ക്കുമായി വിതരണം ചെയ്യുന്നത്.  

ENGLISH SUMMARY:

With the aim of honoring and celebrating the successes of women entrepreneurs who serve as exemplars of women empowerment, Manorama News channel is launching the second season of the Penntharam program.