ജോലിയ്ക്കു പോകാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്ന സമീപനം തിരുത്തണമെന്ന നിര്‍ദേശവുമായി വനിതാ കമ്മിഷൻ. ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും മാറ്റങ്ങള്‍ വരുത്തണമെന്ന നിലപാടിലാണ് വനിതാ കമ്മിഷന്‍. ഇതിന്‍റെ ഭാഗമായുള്ള മാർഗരേഖയില്‍ വീട്ടമ്മ വിളിയടക്കം സുപ്രധാന ശുപാര്‍ശകളുണ്ട്. സര്‍ക്കാരിനു മുന്നില്‍ ഇത് സമര്‍പ്പിച്ചതായാണ് വിവരം.
‘വളയിട്ട കൈകളിൽ വളയം ഭദ്രം’ എന്നതുപോലെയുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഒഴിവാക്കണം. തൊഴിലിടം ലിംഗഭേതമന്യേ എല്ലാവര്‍ക്കും ഒരുപോലെയാണ്. അവിടെ വളയിട്ടതും ഇടാത്തതുമായി കൈകള്‍ക്കെന്താണ് പ്രത്യേകത എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ‘പെൺബുദ്ധി പിൻബുദ്ധി’, ’അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് തോന്നിപ്പിക്കുംവിധമുള്ള വാര്‍ത്തകള്‍ തുടങ്ങിയവ ഒഴിവാക്കണം.
പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകൾ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ അപ്രസക്തമാണ്. അതുകൊണ്ടു തന്നെ സ്ത്രീയെ അപമാനിക്കുംവിധമോ ലിംഗവിവേചനപരമായോ വാര്‍ത്തകള്‍ അവതരിപ്പിക്കരുത് എന്നതാണ് പ്രധാന നിര്‍ദേശം. സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കാൻ രഹസ്യമായി പുറപ്പെടുന്ന ’ഒളിച്ചോട്ട’ വാർത്തകളിൽ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി’ എന്നതരത്തിൽ കുറ്റംമുഴുവന്‍ സ്ത്രീയിൽ അടിച്ചേൽപ്പിക്കുന്നതു പോലെയുള്ള വാർത്താ തലക്കെട്ടുകള്‍ പാടില്ല.
പാചകമടക്കമുള്ള വീട്ടുജോലികള്‍, കുഞ്ഞുങ്ങളെ നോക്കുന്നതുമെല്ലാം സ്ത്രീകളുടെ മാത്രം കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല. ‘സെക്സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകൾ ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും വനിതാ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഭാഷാവിദഗ്ധർ, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം ശൈലീപുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധർ കഴിയാവുന്നത്ര സ്ത്രീകൾ ആയിരിക്കണമെന്നും ശുപാർശയിൽ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.