ഒരു വയറ്റില്‍ എത്ര നേരം എംഡിഎംഎ പ്ലാസ്റ്റിക് കവറിലായി പൊട്ടാതെ കിടക്കും – പൊട്ടിയാല്‍ മരണം ഉറപ്പ്
ലാ റെയ്ന ഡെല്‍ സുര്‍ (ദ് ക്വീന്‍ ഓഫ് ദ് സൗത്ത്) സീരീസിലെ നായിക തെരേസ മെന്‍ഡോസ വേശ്യാവൃത്തിയില്‍ നിന്ന് രക്ഷപെടാന്‍ 23 കവറുകള്‍ വയറ്റിലാക്കി നടത്തുന്ന ദൗത്യമുണ്ട്. കൃത്യസമയത്തിനുള്ളില്‍ എത്തിച്ചാല്‍ ജീവിക്കാം. അല്ലെങ്കില്‍ മരണം ഉറപ്പ്. വെല്ലുവിളികള്‍ നേരിട്ടെങ്കിലും മെന്‍ഡോസ രക്ഷപെട്ടു. കോഴിക്കോട് പൊലീസില്‍ നിന്ന് രക്ഷപെടാന്‍ ഒരു കവര്‍ വിഴുങ്ങിയ ഷാനിദ് മരിച്ചു.
വില്ലന്‍ എംഡിഎംഎയാണ്
മെത്‌ലീന്‍ഡി ഓക്സി മെതാംഫിറ്റമിന്‍. പാര്‍ട്ടി ഡ്രഗ്, വിദേശത്ത് എക്സ്റ്റസി, മോളി, ഹഗ് ഡ്രഗ് തുടങ്ങി പല പേരുകളുണ്ട്. എം, ഐസ്മെത്, കല്ല്, ഗ്ലാസ്, ഷാര്‍ഡ് തുടങ്ങി പേരെന്തായാലും മറ്റ് എല്ലാ ലഹരികളെയും പോലെ അല്‍പ സന്തോഷം, വന്‍ദുരിതം. ഒരു പൊടിക്ക് കൂടുതലാണ് ഈ വെളുത്ത പൊടിയുടെ അനന്തരഫലം.
പണ്ടൊരു ചൊല്ലുണ്ടായിരുന്നു
കള്ളുകുടിച്ചാല്‍ മത്തുപിടിക്കും
ചാരായം ചെന്നാല്‍ ലഹരിപിടിക്കും
കഞ്ചാവഞ്ചുനിറം കാട്ടും
കറുപ്പതിന്റെ ബലംകാട്ടും
ന്യൂ ജെന്‍ ലഹരിയായ എംഡിഎംഎ ഇതിലെല്ലാം ഉപരിയാണ് – ശരിക്കും പറഞ്ഞാല്‍ കഞ്ചാവിനെപ്പോലെ അഞ്ചുനിറമല്ല, മനസിന്‍റെ ആകാശത്ത് ഒരു മഴവില്ലഴക് തന്നെ വിരിക്കുന്ന ലഹരി. ഉന്മാദം, നല്ല ഊര്‍ജം, എല്ലാവരോടും സ്നേഹം, പലവിധ വികാരങ്ങളുടെ ഉദ്ദീപനം, സ്ഥലകാലബോധമില്ലാത്ത അവസ്ഥ എന്നിങ്ങനെ ഈ ലോകത്തെ സാധാരണ പ്രശ്നങ്ങള്‍ക്കെല്ലാം മുകളില്‍ ഒരു മഴവില്ലിലെന്നപോലെ ഉയരാം. ലഹരി ഇല്ലാതാവുമ്പോള്‍ പിന്നെ കനത്ത മഴയും ഇടിയും മിന്നലും തന്നെ. ഇതൊഴിവാക്കാന്‍ വീണ്ടും എംഡിഎംഎ പുകയ്ക്കണം, മൂക്കില്‍ വലിക്കണം, കാപ്സൂള്‍, ഗുളികരൂപത്തില്‍ കഴിക്കണം.
സ്റ്റിമുലന്‍റ്, ഹാലുസിനോജന്‍ വിഭാഗത്തില്‍ പെടുന്ന എംഡിഎംഎ രാസലഹരിയാണ്. കഞ്ചാവ്, കൊക്കെയ്ന്‍, ഓപിയം എന്നിവയെപ്പോലെയല്ല – പല രാസവസ്തുക്കള്‍ ചേര്‍ത്ത് അതീവ കരുതലോടെ, സുരക്ഷയോെട ഉണ്ടാക്കേണ്ട ഒരു രാസവസ്തു. ആധുനിക, ശാസ്ത്രീയ ലാബുകളില്‍ മാത്രമല്ല, പെട്ടിക്കട സെറ്റപ്പില്‍ വരെ ഉണ്ടാക്കാം. ചുവടൊന്ന് തെറ്റിയാല്‍ തീപിടിക്കാം, പൊട്ടിത്തെറിക്കാം, വിഷവാതകം ഉണ്ടാവാം. അത്രയ്ക്കാണ് റിസ്ക്. ഉല്‍പാദനം കഴിഞ്ഞ് ആവശ്യക്കാരിലെത്തിക്കുന്നതും അതീവസാഹസികമായി. ഉപയോഗവും അങ്ങനെ തന്നെ. ഇരകള്‍ നമ്മുടെ യുവാക്കളും കുട്ടികളും. രാത്രി പാര്‍ട്ടികളില്‍, സംഗീതപരിപാടികളില്‍, ഡാന്‍സ് ഫ്ലോറുകളില്‍ ഒരു പൊടിക്ക് എംഡിഎംഎ കൂടി ചേരുവയാക്കുന്നതാണ് ഇവരുടെ രീതി. എത്ര നേരം വേണമെങ്കിലും ക്ഷീണമില്ലാതെ അര്‍മാദിക്കാം.
ഡൈനമിറ്റും വിയറ്റ്നാമില്‍ മനുഷ്യരെ കൊന്നൊടുക്കിയ ഏജന്റ് ഓറഞ്ചും പോലെ മനുഷ്യരുടെ നന്മയ്ക്കായാണ് 1912ല്‍ പ്രശസ്ത മരുന്ന് കമ്പനിയായ മെര്‍ക് എംഡിഎംഎയും വികസിപ്പിച്ചെടുത്തത്. അമിതവിശപ്പ് ഒഴിവാക്കാനുള്ള മരുന്നായി. പിന്നീട് – 1950 – 60 കാലത്ത് അമേരിക്കന്‍ സൈന്യം മനശ്ശാസ്ത്രപരമായ യുദ്ധത്തിന് എംഡിഎംഎ ഉപയോഗിച്ചതായി പറയുന്നു. ഇതിനു പിന്നാലെ മാനസികാരോഗ്യവിദഗ്ധരും രോഗികളുടെ മനസ് തുറക്കാന്‍ എംഡിഎംഎ പ്രയോഗിച്ചു. നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും അമേരിക്കയിലുമൊക്കെ യുവാക്കള്‍ക്കിടയില്‍ ഈ പൊടി പരന്നത് 1980കളില്‍ മാത്രവും.
രണ്ടുവിധത്തിലാണ് എംഡിഎംഎ ഉപയോഗിക്കുന്നവരെ ബാധിക്കുക – ശാരീരികവും മാനസികവും. അമിത ഉപയോഗം മൂലം ശരീര ഊഷ്മാവ് കൂടി കരള്‍, വൃക്ക, ഹൃദയം, നാഡീവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കാം. രക്തസമ്മര്‍ദം വല്ലാതെ കൂടും. മറ്റ് രോഗങ്ങളുള്ളവര്‍ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ റിസ്ക് പലമടങ്ങാണ്.
ഡോപമീന്‍, സെറോട്ടോണിന്‍ തുടങ്ങി തലച്ചോറില്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് ഉപയോഗിക്കുന്നവരെ മറ്റൊരു ലെവലില്‍ എത്തിക്കുന്നത്. പക്ഷേ, കുറേനാള്‍ ഉപയോഗിച്ചാല്‍ ഈ ലഹരി നമ്മെ വിഷാദരോഗികളാക്കും. എല്ലാറ്റിനോടും വിരക്തിയുണ്ടാക്കും. ഹാലൂസിേനഷന്‍, ഏകാന്തത ഖസാക്കിന്റെ ഇതിഹാസത്തിലെ ബീഡിയുടെ പരസ്യത്തില്‍ പറയുന്നതുപോലെ തിന്ന തീന്‍പണ്ടങ്ങളെ മാത്രമല്ല, മനസിനെയാകെ എരിക്കും, ജീവനെ ഇല്ലാതാക്കും.
മായമാണ് മറ്റൊരു പ്രശ്നം. പണ്ട് ചാരായം വാറ്റുന്നവര്‍ വീര്യം കൂട്ടാന്‍ ബാറ്ററി മുതല്‍ തേരട്ടയെ വരെ ചേര്‍ക്കുമെന്ന് പറയുന്നതുപോലെയാണിത്. 80 മുതല്‍ 90 ശതമാനം വരെ പ്യൂരിറ്റി ഉള്ള എംഡിഎംഎയ്ക്കാണ് രാജ്യാന്തരമാര്‍ക്കറ്റില്‍ വിപണി മൂല്യം. പക്ഷേ, ഇത്ര പ്യൂരിറ്റി ഉള്ള ലഹരി ഉല്‍പാദിപ്പിക്കണമെങ്കില്‍ അത്ര നല്ല ലാബും സംവിധാനങ്ങളും വിദഗ്ധരും വേണം. കേരളത്തില്‍ ഇപ്പോള്‍ കിട്ടുന്ന എംഡിഎംഎയുടെ പ്യൂരിറ്റി ശരാശരി 58 ശതമാനം മാത്രമെന്നാണ് കണക്ക്. അപ്പോള്‍ പലവിധ മായങ്ങളുണ്ടെന്ന് അര്‍ഥം. ‘ലേസിങ്’ എന്നു ലഹരിഭാഷയില്‍ പറയുന്ന ഈ വിദ്യയിലൂടെ കൊക്കെയ്ന്‍, ഫെന്‍റാനില്‍ എന്നിവ തുടങ്ങി എലിവിഷം വരെ ചേര്‍ക്കാം. അങ്ങനെയുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെ.
അപ്പോള്‍
ഈ പൊടി നിങ്ങളെ ഒരു പൊടിക്ക് സന്തോഷിപ്പിച്ചേക്കാം.
ഓര്‍ക്കുക – വെറുതേ പൊടിഞ്ഞുപോകാനുള്ളതല്ല ജീവിതം
ഈ പൊടിക്ക് കുടുങ്ങിയല്ല, പൊടിക്കൊന്നടങ്ങി ജീവിക്കാം.