kerala-assembly

പ്രത്യേക സമ്മേളനം വിളിച്ച് സോളർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സഭയിൽ വച്ചത് സഭയുടെ ചരിത്രത്തിലെ ആദ്യസംഭവം.  അന്വേഷണ റിപ്പോർട്ട് എല്ലാ സാമാജികർക്കും, മാധ്യമ പ്രവർത്തകർക്കും അച്ചടിച്ച് വിതരണം ചെയ്യുന്നതും റിപ്പോർട്ട് ചർച്ചയ്ക്കായുള്ള പ്രത്യേക സമ്മേളനം തൽസമയ സംപ്രേഷണവും സഭാ ചരിത്രത്തിലാദ്യത്തേത് തന്നെ. 

 

ഒന്നാം ഇ.എം.എസ് സർക്കാരിലെ ആന്ധ്രാ അരി കുംഭകോണം അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ പി.റ്റി.രാമൻനായർ കമ്മിഷനാണ്  ചരിത്രത്തിലാദ്യത്തേത്. പിന്നീടങ്ങോട്ട് വിവാദങ്ങൾ, രാഷ്ട്രീയ ആരോപണങ്ങൾ, പൊലീസ് ലാത്തിചാർജ് എന്നിവയ്ക്കെല്ലാം അന്വേഷണകമ്മിഷനുകൾ വന്നിട്ടുണ്ട്. ഏറാടി കമ്മിഷൻ, ഐസക് കമ്മിഷൻ, മാറാട് കമ്മിഷൻ ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ. ഇതിൽ മാറാട് അന്വേഷണ കമ്മിഷൻ ശുപാർശ പ്രകാരമാണ് അന്വേഷിക്കാൻ പിന്നീട് സി.ബി.ഐ വന്നത്. ഇതൊഴിച്ചു നിർത്തിയാണ് മിക്കവാറും കമ്മിഷനുകള്‍ യാതൊരു നടപടിയുമില്ലാതെ വിസ്മൃതിയിലായിട്ടുണ്ട്. അന്വേഷണ കമ്മിഷനെ നിയമിച്ച മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ  പ്രതികൂട്ടിലായെന്ന വൈരുധ്യം  സോളർ റിപ്പോർട്ടിന്റെ പ്രത്യേകതയാണ്.  

 

രാഷ്ട്രീയലക്ഷ്യം മുന്നിലുണ്ടാകാമെങ്കിലും കോടികൾ ചെലവഴിച്ചുള്ള റിപ്പോർട്ടും തുടർനടപടി റിപ്പോർട്ടും മിന്നൽവേഗത്തിൽ സഭയുടെ മേശപ്പുറത്തിയത് നേട്ടമായി ഭരണപക്ഷം അവകാശപ്പെടും.  റിപ്പോർട്ട് സഭയിൽ വെച്ചതിനുശേഷം അതിന്റെ ഉള്ളടക്കത്തിന്റെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ അതും ചരിത്രമാകും. ഇനി കാത്തിരിപ്പും ആകാംക്ഷയും അക്കാര്യത്തിലാണ്.