വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് നല്‍കുന്ന ധനസഹായം കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് ഈടാക്കണമെന്ന മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ തടസങ്ങള്‍ ഏറെ. കോടതിയുടെ അന്തിമവിധി വരുന്നതുവരെ മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ കഴിയില്ല. പത്തുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറുക.
പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കേണ്ടതാണെന്ന ധാരണ പൊലീസുകാര്‍ക്ക് തെറ്റുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാന്‍ കാരണമാകുമെന്ന് ചില മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ധനസഹായമായി നല്‍കുന്ന തുക കുറ്റക്കാരായ പൊലീസുകാരില്‍ നിന്നുതന്നെ പിരിച്ചെടുക്കണം. ഭൂരിപക്ഷം മന്ത്രിമാരും ഇതിനോട് യോജിച്ചതോടെയാണ് മന്ത്രിസഭ ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയത്. സാമ്പത്തിക ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വന്നാലെ ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസുകാര്‍ ശ്രദ്ധിക്കുകയുള്ളൂവെന്നും അഭിപ്രായമുയര്‍ന്നു. പക്ഷേ ഈ തീരുമാനം നടപ്പാക്കാന്‍ നിയമപരവും പ്രായോഗികപരവുമായ തടസങ്ങളുണ്ട്. അറസ്റ്റിലായ പൊലീസുകാര്‍ തന്നെയാണ് കുറ്റക്കാരെന്ന് തെളിയിക്കണം. കോടതി ഇത് അംഗീകരിച്ച് അന്തിമവിധി വരണം. കുറ്റക്കാരില്‍ നിന്ന് ഇത്തരത്തിലൊരു പിഴ ഈടാക്കുന്നതിനും കോടതി അംഗീകാരം നല്‍കേണ്ടിവരും. ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എത്ര തുക വീതം ഒരോരുത്തരില്‍ നിന്നും പിരിക്കണമെന്നും വ്യക്തത വേണം. എന്തായാലും മന്ത്രിസഭാ തീരുമാനം നടപ്പാകാന്‍ ഇനിയും ഏറെക്കാലം കഴിയേണ്ടിവരുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.