വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി. വടക്കന്‍ പറവൂര്‍ താലൂക്ക് ഒാഫിസില്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയിലാണ് നിയമനം. ശ്രീജിത്തിന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ധനസഹായവും, നിയമന ഉത്തരവും ജില്ലാ കലക്ടര്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി കൈമാറി.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ നടപടിക്രമങ്ങളിലെ പതിവ് മെല്ലെപ്പോക്കൊന്നും ഇവിടെ ഉണ്ടായില്ല. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനമെടുപ്പ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും നിയമന ഉത്തരവ് കൈമാറി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിപോലും ഇന്നോളം കാലുകുത്താത്ത ദേവസ്വപാടത്തെ വീട്ടിലേക്ക് നിയമന ഉത്തരവുമായെത്തിയ് ജില്ലാ കലക്ടറും, തഹസീല്‍ദാറും. പതിനഞ്ച് ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം. ശ്രീജിത്തിന്റെ അമ്മയുടേയും, മകളുടേയും, ഭാര്യയുേടയും പേരിലായി ആകെ 10 രക്ഷം രൂപയുടെ ചെക്കും കലക്ടര്‍ കൈമാറി.
ജോലിയും, ധനസഹായവും സമാശ്വാസമാണെങ്കിലും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരയവരെ മുഴുവന്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം
സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് കുടുംബത്തെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമാശ്വാസ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എന്തായാലും കസ്റ്റഡിക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ തീരുമാനം