'99ലെ(ഇംഗ്ലീഷ് വര്‍ഷം 1924) വെള്ളപ്പൊക്കം എന്ന് കേട്ടിട്ടുണ്ടോ? പമ്പയിലൂടെ ആനയുടെ ജഡം ഒഴുകിവന്നതും വന്‍മരങ്ങള്‍ കരക്കടിഞ്ഞതും നാട് കൊടുംദുരിതത്തിലും പട്ടിണിയിലുമായതും ആറന്‍മുളക്കാരിയായ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. അത് ഏതോ കാലത്തെ, അവിശ്വസനീയമായ ക‍ഥയെന്നേ കരുതിയിരുന്നുള്ളൂ. 2018ലെ ഈ മഴക്കാലം വെള്ളപ്പൊക്കം, പെരുംപ്രളയമാകുന്നത് എങ്ങിനെയെന്ന് കാണിച്ചു തന്നു. 

 

ഈ മഴക്കാലത്ത് കേരളം മുഴുവന്‍ പ്രളയം അനുഭവിച്ചു. ഒരുപക്ഷെ കാസര്‍കോടൊഴിച്ച് എല്ലാ ജില്ലകളിലും നദികള്‍ കരകവിഞ്ഞൊഴുകി. വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കെത്തി. ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. ഏറ്റവും ദുരിതം ഏറ്റുവാങ്ങിയത് കുട്ടനാട്, പമ്പാതീരം, പെരിയാര്‍തീരം. തലക്കുമീതെ, വീടിന് മേലെ, നാടാകെ മുക്കിക്കൊണ്ട് വന്‍ മലവെള്ളപാച്ചിലിനാണ് സമതലങ്ങള്‍ സാക്ഷ്യം വഹിച്ചത്. ബാക്കിയാകുന്നത് ജീവന്‍നഷ്ടപ്പെട്ടവരുടെ കണ്ണീരോര്‍മ്മകള്‍, ദുരന്തത്തിന് മുന്നില്‍പകച്ചു നില്‍ക്കുന്നവരുടെ നിസ്സഹായത, തകര്‍ന്നടിഞ്ഞ നാടിന്റെ ദൈന്യം. 

 

വെള്ളം പൊങ്ങുകയും അതേവേഗത്തില്‍ ഇറങ്ങുകയും ചെയ്യുന്നതാണ് പതിവ് രീതി. കൂടിപ്പോയാല്‍ ഒരുദിവസം വെള്ളമിറങ്ങാതെ നില്‍ക്കും. ഇതാണ് കേരളം പരിചയിച്ച വെള്ളപ്പൊക്കം. ഇത്തവണ ഇതെല്ലാം തെറ്റിച്ചാണ് മഴയും പുഴയും ഒത്തുകളിച്ചത്. ഒാഗസ്റ്റ് മാസത്തില്‍ ആദ്യ 18 ദിവസം ഏതോവാശിയോടെ എന്നപോലെ മഴ പെയ്തുകൊണ്ടേ ഇരുന്നു. ഇടമുറിയാതെ ഇടവപ്പാതി എന്തെന്ന് പുതിയ തലമുറ കാണുകയായിരുന്നു. 

 

അവിടെയും നിന്നില്ല മഴയുടെ പക. തീവ്രമഴയെന്ന കാലാവസ്ഥാ പ്രവചനം അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ഒാഗസ്റ്റ് ഒന്‍പത് മുതല്‍ പതിനെട്ട് വരെയുള്ള ദിവസങ്ങള്‍. നിരന്തരം ശക്തമായി മഴപെയ്തു, നാടും നഗരവും കാടും മലയും പുഴയും അതില്‍മുങ്ങി. കേരളം പ്രളയമെന്ന യാഥാര്‍ത്ഥ്യം അനുഭവിച്ചു തുടങ്ങുകയായിരുന്നു. മഴ അതിശക്തമാകുകയും, വെള്ളം കവിഞ്ഞൊഴുകയും അത് ഒഴുകിപ്പോകുന്ന വഴിയെല്ലാം തടസ്സങ്ങള്‍ ഉയരുകയും ചെയ്തപ്പോള്‍ പുഴകള്‍ വഴിമാറി ഒഴുകാന്‍ തീരുമാനിച്ചു. സംഭരണികളിലെ ജലം കൂടി എത്തിയതോടെ അപ്പാടെ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയായി. നികത്തിയ വയലിലും തണ്ണീര്‍തടത്തിലും സിമന്റിട്ട് ഭംഗിയാക്കിയ മുറ്റത്തും വെള്ളം. പെരുമഴയും പ്രകൃതിയെ മറന്നുള്ള വികസനവും കൈകോര്‍ത്തു, കേരളം പ്രളയജലത്തില്‍ മുങ്ങി. 

 

ഒാഗസ്റ്റ് 14 മുതല്‍ 18 വരെ എല്ലാപുഴയും കരകവിഞ്ഞൊഴുകി. നേരത്തെ തന്നെ വെള്ളം നിറഞ്ഞിരുന്ന സംഭരണികളൊന്നൊന്നായി തുറന്നുവിടേണ്ടി വന്നു. കായലും കുളവും തോടും എല്ലാം നിറഞ്ഞൊഴുകിയതോടെ നാടാകെ വെള്ളത്തിനടിയില്‍. പുഴയോരത്തു നിന്ന് ആറും ഏഴും കിലോമീറ്റര്‍ അകലെപോലും രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറി.  കെട്ടിടങ്ങളും പാലവും റോഡും വാഹനങ്ങളും മരങ്ങളും എല്ലാം തകര്‍ത്തായിരുന്നു വെള്ളത്തിന്റെ വരവ്.  ചെളി, പാറ, ചെടികള്‍, പ്ളാസ്റ്റിക്കും മറ്റ് മാലിന്യവും, ചത്ത മൃഗങ്ങള്‍ ഇങ്ങനെ വെള്ളം ഒഴുക്കിക്കൊണ്ട് വന്നത് ദുസ്വപ്്നത്തിന് സമാനമായ കാഴ്ചകള്‍. നരകതുല്യമായ അനുഭവങ്ങള്‍ പിന്നെയും ജനങ്ങളെ കാത്തിരിക്കുകയായിരുന്നു. നട്ടുച്ചക്കും ഇരുള്‍പരത്തുന്ന മഴ, അനുനിമിഷം പൊങ്ങുന്ന വെള്ളം, ടെറസിനുമുകളില്‍, വെള്ളടാങ്കിന് മുകളില്‍, മേല്‍ക്കൂരകളില്‍ അഭയം തേടിയ ആയിരങ്ങള്‍. കുടിക്കാനും കഴിക്കാനും ഒന്നുമില്ല. പുഴയേത് കരയേതെന്നറിയാത്ത രീതിയില്‍ എങ്ങും വെള്ളം. 

 

ഇത്തരം അനുഭവങ്ങള്‍, കാഴ്ചകള്‍, എന്തിന് പേടികള്‍ പോലും മലയാളിയുടെ മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. പ്രളയത്തെ മുന്‍കൂട്ടി പ്രവചിക്കാനോ, മുന്‍കരുതല്‍ നടപടിയെടുക്കാനോ നമ്മുടെ ദുരന്തനിവാരണ സംഘങ്ങള്‍ക്കായില്ല. നിറഞ്ഞു കവിയുന്നതിന് കുറച്ച് ദിവസം മുന്‍പെങ്കിലും ഡാമുകള്‍ അല്‍പ്പാല്‍പ്പമായി തുറക്കേണ്ടതായിരുന്നില്ലേ? നിര്‍ബന്ധമായി പ്രളയസാധ്യതായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടിയിരുന്നില്ലേ? പ്രളയ മുന്നറിയിപ്പുകള്‍ 48 മണിക്കൂര്‍ മുന്‍പെങ്കിലും പുറപ്പെടുവിക്കേണ്ടിയിരുന്നില്ലേ? കാലാവസ്ഥാ മാറ്റം കേള്‍ക്കാന്‍രസമുള്ള ഒരുവാക്കോ, സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കാനുള്ള വിഷയമോ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. കാലാവസ്ഥയിലെ മാറ്റം, തീവ്രകാലാവസ്ഥാ അനുഭവങ്ങള്‍ തുടര്‍ക്കഥയാവുകാണ്. വരള്‍ച്ച, വെള്ളക്ഷാമം. ഉഷ്ണകാലത്തും കടലാക്രമണം, ഒാഖി, പിന്നീടിതാ പ്രളയവും. പ്രകൃതി മാറുകയാണ്, കാലാവസ്ഥയും.  ഇത് തിരിച്ചറിയാനെങ്കിലും തയ്യാറായാലേ കേരളത്തിന് ഇനി ഇത്തരം പ്രളയകാലങ്ങളെ അതിജീവിക്കാനാവൂ. 

 

ഈ പുഴകളൊന്നായി പറഞ്ഞു: ഞങ്ങള്‍ മെലിഞ്ഞില്ലാതായ തോടുകളല്ല: പാഠം

 

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്: "വെള്ളപ്പൊക്കം നാല്‍പ്പതു നാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു. ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പര്‍വ്വതങ്ങള്‍ക്ക് മുകളില്‍പത്തുമുഴം വെള്ളമുയര്‍ന്നു. ഭൂമുഖത്ത് ചരിക്കുന്ന എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി. പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യനും ചത്തൊടുങ്ങി.". 

 

ഈ വരികള്‍ പരിചിതമല്ലാത്ത മലയാളികളുണ്ടാവില്ല. അതിന് മുകളിലെ പെട്ടകമാണ് പ്രത്യാശയായി അവശേഷിച്ചത്, ജീവന്‍ തിരികെ കൊണ്ടുവന്നത്.  മനസ്സിലും പ്രവര്‍ത്തിയിലും കൂടി ഒാരോത്തരും അതിജീവനത്തിന്റെ പെട്ടകം സൃഷ്ടിക്കണമെന്നാണ് പ്രളയകാലങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യനൊപ്പം പക്ഷിയെയും മീനിനെയും പാമ്പിനെയും നാല്‍ക്കാലികളെയും കരുതലിന്റെ പെട്ടകത്തില്‍ ഒപ്പം കൂട്ടണം.  മണ്ണും വിണ്ണും പുഴയും കടലും വാസയോഗ്യമാകണമെങ്കില്‍, സുരക്ഷിതവും സുഖകരവുമാകണമെങ്കില്‍ ജീവനുള്ളവയെല്ലാം തമ്മിലുള്ള പാരസ്പര്യത്തിന്റെ, സഹജീവനത്തിന്റെ അക്ഷരമാല പഠിച്ചേ മതിയാകൂ. സാക്ഷരരായ നമുക്കതിന് കഴിയുമോ എന്നാണ് പ്രളയകാലം ചോദിക്കുന്നത്. 

 

(തുടരും)