tourist-buses

അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളെ നിയന്ത്രിക്കാനുള്ള നടപടികളില്‍ വെള്ളം ചേര്‍ത്ത് മോട്ടോര്‍വാഹനവകുപ്പ്. ലൈസന്‍സില്ലാത്ത ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. അന്‍പത് കിലോമീറ്റര്‍ ഇടവിട്ട് യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യത്തിന് സൗകര്യമൊരുക്കണമെന്നും ബസുകളില്‍ പരാതി അറിയിക്കാന്‍ വനിത ഹെല്‍പ് ലൈന്‍ നമ്പര്‍ വേണമെന്നുമുള്ള നിര്‍ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല.  

 

ടിക്കറ്റ് ബുക്കിങ് ഒാഫീസുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറിയും സി.സി ടിവിയും. ബസുകളില്‍ പരാതി അറിയിക്കാന്‍ പൊലീസിന്റേയുംവനിത ഹെല്‍പ് ലൈനിന്റേയും നമ്പറുകള്‍. കെ.എസ്.ആര്‍,ടി.സി ബസ് സ്റ്റാന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ ഒാഫീസ് പാടില്ല. യാത്രാ വഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യത്തിനുള്ള സൗകര്യം ഉണ്ടാകണം എന്നിങ്ങനെ കര്‍ശനമായ നിബന്ധനകളായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്റേത്. ഇത്തരം സൗകര്യം ഒരുക്കാത്ത ടിക്കറ്റ് ബുക്കിങ് ഒാഫീസുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉത്തരവിറങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും സൗകര്യങ്ങളും ഒരുക്കിയിട്ടില്ല, ലൈസന്‍സും എടുത്തിട്ടില്ല. 

 

ഒാഫീസുകള്‍ അടച്ചുപൂട്ടാന്‍ ഗതാഗതവകുപ്പ് നിയമവകുപ്പിന്റ ഉപദേശം തേടിയിട്ട് ഒന്നരമാസം കഴിഞ്ഞു. മറുപടി കിട്ടിയില്ലെന്നാണ് ഗതാഗതകമ്മീഷണറും സെക്രട്ടറിയുടേയും വിശദീകരണം. ജി.പി.എസ് വിപണിയില്‍ ലഭ്യമല്ലെന്ന് ബസുടമകള്‍ അറിയിച്ചതോടെ ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധമാക്കാനുള്ള ശ്രമവും ഉപേക്ഷിച്ചു. പെര്‍മിറ്റ് ലംഘിച്ച് ഒാടുന്ന ബസുകളില്‍ നിന്ന് പിഴയൊടുക്കുന്നതും വെറും ചടങ്ങായി മാറിയിപ്പോള്‍. സ്വകാര്യബസുകളുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ ബംഗളുരു അടക്കമുള്ള സ്ഥലങ്ങളിലേക്ക് അധികം സര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. ഇതിനായി സ്വകാര്യടൂറിസ് ബസുകള്‍ വാടകയ്ക്കെടുക്കാനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. വീണ്ടും റീടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞിട്ട് മാസം ഒന്നുകഴിഞ്ഞു.