തൃശൂര്‍ അയ്യന്തോളില്‍ ഒരു അംഗന്‍വാടിയുണ്ട്. വ്യവസായ വകുപ്പിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ കെട്ടിടം ഒഴിയാന്‍ വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കി. അംഗന്‍വാടിയുടെ കാര്യമായതിനാല്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്കു പരാതി നല്‍കി. മൂന്നു മാസത്തെ സാവകാശം കലക്ടര്‍ അനുവദിച്ചു. അംഗന്‍വാടിയ്ക്കായി പുതിയ സ്ഥലം ഇതുവരെ കിട്ടിയില്ല. പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളാണെങ്കില്‍ വരുന്നുമില്ല. 

കാരണം, ഏതുസമയവും പെരുവഴിയിലാകുന്ന അംഗന്‍വാടിയിലേക്ക് വിടേണ്ടതില്ലെന്ന് രക്ഷിതാക്കളും ചിന്തിച്ചു കാണും. ചുരുക്കംചില കുട്ടികള്‍ മാത്രമാണ് ഈ പ്രതിസന്ധി കാരണം അംഗന്‍വാടിയില്‍ വരുന്നത്. അംഗന്‍വാടി കുടിയേറ്റ ഭീഷണിയിലാണെന്ന മാധ്യമവാര്‍ത്തകള്‍ കണ്ട സുരേഷ് ഗോപി എം.പി. തൃശൂര്‍ അയ്യന്തോളില്‍ എത്തി. അംഗന്‍വാടിയിലെ ജീവനക്കാരുമായി സംസാരിച്ചു. കുട്ടികളേയും നേരില്‍കണ്ടു. രണ്ടു സെന്റ് ഭൂമി കണ്ടെത്താന്‍ കൂടെയുണ്ടായിരുന്ന ബി.ജെ.പി. നേതാക്കളോട് സുരേഷ് ഗോപി പറഞ്ഞു. ഭൂമി കിട്ടിയാല്‍ ഉടനെ എം.പി ഫണ്ടില്‍ നിന്ന് തുകയെടുത്ത് നല്ലൊരു കെട്ടിടം പണിതു തരാമെന്നും സുരേഷ് ഗോപി ഓഫര്‍ നല്‍കി. 

കുറച്ചുക്കൂടെ സാവകാശം കിട്ടിയാല്‍ മാത്രമേ ഇതൊക്കെ നടക്കൂെവന്ന് മനസിലാക്കിയ സുരേഷ് ഗോപി ഉടന്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമയെ ഫോണില്‍ വിളിച്ചു. ‘‘കലക്ടര്‍ അംഗന്‍വാടി ഒഴിപ്പിക്കുന്നത് അല്‍പം കൂടി നീട്ടിവയ്ക്കാന്‍ സഹായിക്കണം. വ്യവസായമന്ത്രിയുമായി ഞാന്‍ സംസാരിച്ചോളാം. തല്‍ക്കാലം കലക്ടര്‍ അംഗന്‍വാടി ഒഴിപ്പിക്കുന്നത് മരവിപ്പിച്ചാല്‍ പുതിയ കെട്ടിടം പണിയാന്‍ സാവകാശം കിട്ടും..’

സുരേഷ് ഗോപി എം.പിയുെട അഭ്യര്‍ഥനയ്ക്കു മറുപടിയായി കലക്ടര്‍ പോസിറ്റീവായി പ്രതികരിച്ചു. അംഗന്‍വാടി വ്യവസായ വകുപ്പിന്റെ കീഴിലായതിനാല്‍ അന്തിമ തീരുമാനം ആ വകുപ്പിന്റേതാണെന്നും കലക്ടര്‍ മറുപടി നല്‍കി. എന്നിരുന്നാലും, കുട്ടികളുടെ വിഷമെന്ന നിലയ്ക്ക് സാവകാശത്തിനായി പരമാവധി ശ്രമിക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. രണ്ടു സെന്റ് ഭൂമി അയ്യന്തോളില്‍തന്നെ വേണമെന്നതാണ് പ്രശ്നം. ഭൂമിയ്ക്ക് വലിയ വിലയുള്ള പ്രദേശമാണിത്. കലക്ടറേറ്റും കോടതിയും ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടം. പോരാത്തതിന് നഗരത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലംകൂടിയാണ്.