sfi-flag-21-08-19

എം.ജി. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിച്ച്  എസ്എഫ്ഐ . കോട്ടയം,ഇടുക്കി ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം കോളജുകളിലും ഭരണം നിലനിര്‍ത്തി . ഇരുപത് വര്‍ഷത്തിനു ശേഷം കാലടി ശ്രീശങ്കരാ കോളജ് യൂണിയന്‍ ഭരണം പിടിച്ചെടുത്തതടക്കമുളള നേട്ടങ്ങളുമായി എറണാകുളം ജില്ലയില്‍ കെഎസ്‌യുവും സാന്നിധ്യമറിയിച്ചു.

 

അഭിമന്യു വധക്കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നതടക്കമുളള വിവാദങ്ങള്‍ ചര്‍ച്ചയായ എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ ജയിച്ചു കയറി. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനത്തില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്താനായതു മാത്രമായി കെഎസ്്യുവിന്‍റെ നേട്ടം. 

 

അതേസമയം പത്തൊമ്പത് വര്‍ഷത്തിനു ശേഷം കാലടി ശ്രീശങ്കരാ കോളജ് യൂണിയന്‍ പിടിച്ചെടുത്തതും,ഗവണ്‍മെന്‍റ് ലോ കോളജിലും ആലുവ യുസി കോളജിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതുമാണ് എറണാകുളം ജില്ലയിലെ കെഎസ്്യുവിന്‍റെ നേട്ടം. 

 

കോട്ടയത്ത് തിരഞ്ഞെടുപ്പ് നടന്ന മുപ്പത്തിയേഴില്‍ മുപ്പത്തിയാറു ക്യാമ്പസിലും എസ്എഫ്ഐ വിജയം അവകാശപ്പെട്ടു. പാമ്പാടി കെജി കോളജില്‍ മാത്രമാണ് കെഎസ്്യുവിന് യൂണിയന്‍ ഭരണം കിട്ടിയത് . ഇടുക്കിയിലും എസ്എഫ്ഐ മേധാവിത്വം ആവര്‍ത്തിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജും കോ ഓപ്പറേറ്റീവ് ലോ കോളജുമടക്കം ഏതാനും ചില ക്യാമ്പസുകളിലാണ് കെഎസ്്യു ജയിച്ചത്.  ആലപ്പുഴ എടത്വ സെന്‍റ് അലോഷ്യസ് കോളജും എസ്എഫ്ഐ കെഎസ്്യുവില്‍ നിന്ന് തിരിച്ചു പിടിച്ചു.