TAGS

ട്രാഫിക് ബോധവല്‍ക്കരണത്തിനായി തിരുവല്ലയില്‍ ഫ്ലാഷ് മോബുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് പരിപാടി. 

തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കോളജ് വിദ്യാര്‍ഥികള്‍ നൃത്തച്ചുവടുമായി ഇറങ്ങി. പതിവില്ലാത്ത പരിപാടിയുടെ കാര്യംതിരക്കി, ആസ്വാദകരായി ബസ് കാത്തുനിന്നവര്‍ ചുറ്റുംകൂടി. 

അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നതില്‍ യുവാക്കളുടെ എണ്ണംവര്‍ധിക്കുന്നതായാണ് കണക്കുകള്‍ . പ്രത്യേകിച്ച് ഇരുചക്രവാഹനാപകടങ്ങളില്‍ . അതിനാലാണ് കോളജ് വിദ്യാര്‍ഥികളിലൂടെതന്നെ ബോധവല്‍ക്കരണം നടത്താന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്. തിരുവല്ല മാര്‍ത്തോമ്മ കോളജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചായിരുന്നു പരിപാടി. 

റോഡ് സുരക്ഷയെക്കുറിച്ചും, പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുമുള്ള ലഘുലേഖകളും വിതരണംചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ കോളജുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്.