'ചന്ദനലേപ സുഗന്ധം ചൂടിയതാരോ....' ജയിൽ മേധാവി ഋഷിരാജ് സിങ് പാടിയപ്പോൾ കയ്യടിച്ചു താളം പകർന്നതു തടവുകാർ. ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് ഋഷിരാജ് ഗായകനായത്. ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണൽ വോയ്സ്’ന്റെ ലോഗോ പ്രകാശനം കഴിഞ്ഞപ്പോൾ തൃക്കാക്കര നഗരസഭ കൗൺസിലർ ലിജി സുരേഷാണ് ജയിൽ ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. മൊബൈൽ ഫോൺ സ്ക്രീനിൽ തെളിഞ്ഞ വരികൾ ഈണം തെറ്റാതെ നല്ല മലയാളത്തിൽ കോഡ്‍ലെസ് മൈക്കിലൂടെ ഋഷിരാജ് പാടി. ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് ‘ഒരു വടക്കൻ വീരഗാഥ’യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തടവുകാർ തുന്നുന്ന കുട്ടിയുടുപ്പുകളുടെ വിതരണം, ജയിൽ വളപ്പിലെ തേനീച്ച, കറ്റാർവാഴ കൃഷി, മത്സ്യക്കൃഷി രണ്ടാം ഘട്ടം, ജയിൽ കൗണ്ടറിലെ മിൽമ, സ്റ്റേഷനറി കൗണ്ടർ എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് നിർവഹിച്ചു. ജയിലിലേക്കു സംഭാവനയായി ലഭിച്ച തയ്യൽ മെഷിനുകൾ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫെയർ, കസേരകൾ, ബനിയനുകൾ, ഗാനമേള ട്രൂപ്പിനുള്ള ടാബ് തുടങ്ങിയവ ഏറ്റുവാങ്ങി. രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ജയിൽ സൂപ്രണ്ട് കെ.വി.ജഗദീശനു ഡിജിപി ഉപഹാരം സമ്മാനിച്ചു. തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ജയിലുകൾ ഏഷ്യയിൽ ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കു തുറന്ന ജയിൽ ലോകത്ത് വേറൊരിടത്തുമില്ല. ജയിലിലേക്ക് ആവശ്യമായ പച്ചക്കറിയുടെ പകുതിയെങ്കിലും സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് കെ.വി.ജഗദീശൻ, നഗരസഭ കൗൺസിലർ ലിജി സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് രാമഭദ്രൻ, വെൽഫെയർ ഓഫിസർ ജോർജ് ചാക്കോ, ഷാജി സ്റ്റീഫൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തേനീച്ച വളർത്താൻ ഹോർട്ടികോർപിന്റെ സഹകരണത്തോടെ 30 പെട്ടികളാണ് ജയിൽ വളപ്പിൽ സ്ഥാപിക്കുന്നത്. തടവുകാർക്കു പരിശീലനം നൽകിയാണ് തേനീച്ച കൃഷി. മിൽമയുടെ കൗണ്ടറിൽ ഐസ്ക്രീം ആണ് ആദ്യം എത്തുക. പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പിന്നീട്. വനിതാ ജയിലിലെ തടവുകാരാണ് കുട്ടിയുടുപ്പ് തൈയ്ക്കുന്നത്. മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ തുന്നുന്ന യൂണിറ്റും ഉടൻ പ്രവർത്തനം തുടങ്ങും.