സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിങ് ഇന്ന് വിരമിക്കും. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുക്കുന്നതോടെ 36 വര്‍ഷം നീണ്ട സര്‍വീസ് ജീവിതത്തിന് വിരാമമാവും. നിറഞ്ഞ സംതൃപ്തിയോടെയാണ് പടിയിറക്കമെന്ന് അദേഹം പറഞ്ഞു.

കേരള പൊലീസില്‍ താരപരിവേഷത്തില്‍ തലപ്പൊക്കമുള്ളയാള്‍. പൊലീസിലെ സിങ്കമെന്ന വിളിപ്പേരില്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത ഉദ്യോഗസ്ഥന്‍. കാക്കിയണിഞ്ഞുള്ള അവസാന പരേഡ് ഇന്നലെ സ്വീകരിച്ച് കഴിഞ്ഞു. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ നിന്ന് കേരളത്തിലെത്തി തുടങ്ങിയ പൊലീസ് ജീവിതമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. പുനലൂര്‍ എ.എസ്.പിയായി കാക്കിയണിഞ്ഞ സിങ് കോഴിക്കോടും കൊച്ചിയിലും കമ്മീഷണറായി. വി.എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച മൂന്ന് പൂച്ചകളിലൊന്നായി കയ്യടി നേടി. വ്യാജ സി.ഡികള്‍ക്കെതിരായ റെയ്ഡുകളും ശ്രദ്ധ നേടിയ ഇടപെടലുകളാണ്. എക്സൈസ് കമ്മീഷ്ണറായും ഗതാഗത കമ്മീഷണറായും ഇരുന്നപ്പോഴും ഒട്ടേറെ സ്വന്തം പദ്ധതികള്‍ക്കും രൂപം നല്‍കി.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ ഭാഗമായും സി.ബി.ഐയില്‍ ജോയിന്റ് ഡയറക്ടറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദേഹം സംസ്ഥാന പൊലീസ് മേധാവിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ സ്വന്തം ബാച്ച്മേറ്റായ ലോക്നാഥ് ബെഹ്റക്കൊപ്പം ദീര്‍ഘകാലം ജയില്‍ മേധാവി സ്ഥാനം വഹിച്ചാണ് പടിയിറക്കം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന പമ്പില്‍ സി.എന്‍.ജി വിതരണത്തിന് തുടക്കമാവുന്നതോടെ ജയില്‍ തലപ്പത്തിരുന്നുള്ള അദേഹത്തിന്റെ വികസനപദ്ധതികളും പൂര്‍ത്തിയാവും. ഓണ്‍ലൈനായി മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗശേഷം പടിയിറക്കം.