നാടകത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് തെറ്റാണോ? നാടകവും സെന്‍സര്‍ഷിപ്പിന് വിധേയമാക്കണോ? എന്നാല്‍ കലയെ പൊതു ഇടത്തിലേക്ക് കൊണ്ടുവരരുതെന്നാണ് സംവിധായകന്‍ സുവീരന്റെ നിലപാട്. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ (എന്‍.എസ്.ഡി.)സുവീരന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണ്. അതും പരീക്ഷണ നാടകങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച എന്‍.എസ്.ഡി. തന്നെ വിശദീകരണം ചോദിച്ചതിന്റെ ഞെട്ടലിലാണ് ദേശീയ ചലചിത്ര പുരസ്കാര ജേതാവുകൂടിയായ സുവീരന്‍.
സഖറിയയുടെ 'ഭാസ്കര പട്ടേരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയപ്പോള്‍ അവാര്‍ഡുകള്‍ നല്‍കിയാണ് സിനിമാലോകം അംഗീകരിച്ചത്. ഇതേ കഥ 'ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന പേരില്‍ സുവീരന്‍ നാടകമായി വേദിയിലെത്തിച്ചു. സ്വന്തം നാടായ വടകരയിലും പരീക്ഷണ നാടകം അവതരിപ്പിച്ചതോടെ വന്‍ പ്രേക്ഷക സ്വീകാര്യത നേടി. പിന്നീട് നിരവധി തട്ടുകളില്‍ നാടകം അരങ്ങേറി. അങ്ങനെയാണ് പുതുച്ചേരിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച രാജ്യാന്തര തിയേറ്റര്‍ ഫെസ്റ്റിവലില്‍ കഴിഞ്ഞ പന്ത്രണ്ടാംതീയതി നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ ഡിവിഡി പകര്‍പ്പ് നല്‍കിയശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.
പ്രദര്‍നം കഴിഞ്ഞതോടെ തൊമ്മിയുടെ വേഷമില്ലായ്മ ചര്‍ച്ചയായി. നഗ്നനായി ഓടിക്കളയുന്ന തൊമ്മി എന്‍.എസ്.ഡിയില്‍ സദാചാര ബോധമുണര്‍ത്തി. സുവീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തന്റെ കലാപരീക്ഷണത്തെ ചോദ്യം ചെയ്തതിന് തക്കതായ മറുപടിയും സുവീരന്‍ നല്‍കി.
നാടകത്തിന്റെ അനുഭവം വര്‍ധിപ്പിക്കാന്‍ നഗ്നതയ്ക്കാകുന്നുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് ഈ പരീക്ഷണ സംവിധായകന്റെ നിലപാട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ അടച്ചിട്ട മുറിയില്‍ അവതരിപ്പിച്ച നാടകത്തിലെ നഗ്നതയ്ക്കെതിരെ എന്തിന് വിശദീകരണം ചോദിക്കണമെന്നും സുവീരന്റെ കലാഹൃദയം ചോദിക്കുന്നു.
നാടകം അവതരിപ്പിച്ചതിന് നല്‍കാനുള്ള പണവും എന്‍.എസ്.ഡി. തടഞ്ഞുവച്ചു. നാടകശേഷം സുവീരന്‍ നടത്തിയ പ്രസംഗമാണ് സംഘാടകരെ പിണക്കിയതെന്നാണ് സൂചന. രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്‍.എസ്.ഡി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു സുവീരന്റെ പ്രസംഗം.