TAGS

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള കടന്നുകയറ്റം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഊടുവഴികളടക്കം അടച്ച് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ഇന്ന് തുടങ്ങും.

കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തിന് മുന്നിലെ പുതിയൊരു വെല്ലുവളിയാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കടന്ന് വരവ്. ഇടുക്കിയില്‍ ഇന്നലെ നാല് പേര്‍ക്കും കൊല്ലത്ത് കഴിഞ്ഞദിവസവുമെല്ലാം രോഗം സ്ഥിരീകരിച്ചത് ഇങ്ങിനെ വന്നവരിലാണ്. ലോക്ഡൗണിന്റെ തുടക്കത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം കുടുങ്ങിപ്പോയ മലയാളികളും അവരുടെ ബന്ധുക്കളുമൊക്കെയാണ് നേരിയ ഇളവുകള്‍ വന്ന് തുടങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. അതിര്‍ത്തിയിലെ പ്രധാന പാതകളെല്ലാം അടച്ച് പരിശോധനയുണ്ടങ്കിലും ഊടുവഴികളിലൂടെ നടന്നും വാഹനങ്ങളില്‍ കണ്ണുവെട്ടിച്ചുമൊക്കെയാണ് അതിര്‍ത്തി കടക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും രോഗവ്യാപനം കൂടുതലായതിനാല്‍ ഇത് തുടര്‍ന്നാല്‍ കേരളവും പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.

വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ ലംഘനം കണ്ടുപിടിക്കാന്‍ ഉപയോഗിച്ച് ഡ്രോണുകള്‍ കൂടുതലും ഇനി അതിര്‍ത്തിക്ക് മുകളില്‍ പറത്തും. ഊടുവഴികളിലൂടെ കടക്കുന്നവരയടക്കം കണ്ടുപിടിക്കാനാണിത്. അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും നിര്‍ത്തി പരിശോധിക്കും. ഡ്രൈവറും സഹായിയുമല്ലാതെ ആരെയും കടത്തിവിടില്ല. അടിയന്തിര ചികിത്സ, ഗര്‍ഭിണികള്‍, ഉറ്റബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഈ മൂന്ന് വിഭാഗത്തെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് തീരുമാനം. നഗരങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ അതിര്‍ത്തിയില്‍ കൊടുക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.