മുഖത്ത് ഗുരുതര പരുക്കേറ്റ കുരങ്ങന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ വീഴ്ത്തി വലിയ വാർത്തയാവുകയാണ്. പാലക്കാട് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള ഈ ചിത്രം വാർത്തയാകുന്നത്.
വലതുവശത്തെ കണ്ണും മൂക്കും പൂർണമായും തകർന്ന നിലയിലാണ് കുരങ്ങൻ. കയ്യിലും സാരമായ പരുക്കുകളുണ്ട്. വയനാട് മുത്തങ്ങയിലെ കോവിഡ് റജിസ്ട്രേഷൻ സെന്ററിന് സമീപത്ത് നിന്നാണ് ഫോട്ടോ ജേർണലിസ്റ്റ് കൂടിയായ എൻ.പി.ജയൻ കുരങ്ങന്റെ ചിത്രം പകർത്തിയത്.
ചിത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: വയനാട് മുത്തങ്ങ റെയിഞ്ചിലെ കോവിഡ് റജിസ്ട്രേഷൻ കൗണ്ടറിന് സമീപം കുരങ്ങൻമാരുടെ ആക്രമണം കൂടുതലാണ്. ഭക്ഷണമെല്ലാം കുരങ്ങൻമാർ നശിപ്പിക്കാറുണ്ട്. മരങ്ങളിൽ കയറി ഇരിക്കുന്ന സംഘം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അവിടെ നിന്നാണ് ഈ കുരങ്ങൻ ശ്രദ്ധയിൽപ്പെടുന്നത്. കുരങ്ങ് ശല്യം കാരണം ഇപ്പോൾ കോവിഡ് റജിസ്ട്രേഷൻ സെന്റർ ഈ സ്ഥലത്ത് നിന്നും മാറ്റിയിരിക്കുകയാണ്.
കുരങ്ങന്റെ മുഖത്തെ പരുക്ക് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ചിലപ്പോൾ കുരങ്ങുകൾ തമ്മിലുള്ള ആക്രമണത്തിൽ മുഖം തകർന്നതാകാം. അതുമല്ലെങ്കിൽ പടക്കം പൊട്ടിയുള്ള പരുക്കുമാകാം. കയ്യിലെ പരുക്ക് കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്. ഇൗ കുരങ്ങനെ കണ്ടെത്തി ചികിൽസ നൽകാനുള്ള ഒരുക്കം വനം വകുപ്പ് നടത്തുന്നുണ്ട്. ഇതിനായി ഒരു സംഘം നാളെ തിരച്ചിലിന് ഇറങ്ങുമെന്നാണ് അറിയുന്നത്. അദ്ദേഹം പറഞ്ഞു.