ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഒരു ബസ് കാത്തു നില്‍പ് കേന്ദ്രം നിര്‍മിച്ചിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ കുറച്ച് യുവാക്കള്‍. പാവംകുളങ്ങര കിണര്‍ സ്റ്റോപ്പിലെ കാത്തുനില്‍പ്പ് കേന്ദ്രമാണ് വ്യത്യസ്തത കൊണ്ട് കയ്യടി നേടുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി അക്ഷരാര്‍ഥത്തില്‍ കുപ്പി പെറുക്കി നടക്കുകയായിരുന്നു തൃപ്പൂണിത്തുറ BSB ക്ലബ്ബിലെ അംഗങ്ങള്‍. അങ്ങനെ പെറുക്കി കൂട്ടിയ കുപ്പിയെല്ലാം വച്ച് അവര്‍ മനോഹരമായ ഒരു ബസ് കാത്ത് നില്‍പ് കേന്ദ്രം നിര്‍മിച്ചു. തൃപ്പൂണിത്തുറ പൂത്തോട്ട റോഡരികിലാണ് ഈ കാത്തുനില്‍പ് കേന്ദ്രമുള്ളത്. എഴുനൂറോളം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇരുമ്പ് ചട്ടക്കൂടില്‍ ചൂണ്ട വള്ളികള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ ടയറുകളുപയോഗിച്ച് കാത്തു നില്‍പുകേന്ദ്രത്തിലെ ഇരിപ്പിടങ്ങള്‍ തയാറാക്കി.
കുപ്പികള്‍ക്ക് നിറങ്ങള്‍ നല്‍കിയും ചെടികള്‍ വച്ച് പിടിപ്പിച്ചുമൊക്കെ ബസ് കാത്ത് നില്‍പ്പ് കേന്ദ്രം ഇവര്‍ കൂടുതല്‍ മനോഹരമാക്കി. അത്യാവശ്യ ഘട്ടങ്ങളില്‍ അഴിച്ച് മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം. ഒരാഴ്ച കൊണ്ട് പതിനയ്യായിരത്തോളം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റോപ്പ് നിര്‍മിച്ചത്. ദിവസക്കൂലിക്കാരയ ക്ലബ്ബ് അംഗങ്ങള്‍ ജോലിക്ക് ശേഷം രാത്രിയിലാണ് വെയ്റ്റിങ് ഷെഡിന്‍റെ പണിക്ക് ഇറങ്ങിയത്.