p-jayarajan-mullapally

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി പി. ജയരാജൻ. നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്വത്തിന്റെ ലക്ഷണമാണ് മുല്ലപ്പള്ളിയുടെ പ്രസ്ഥാവനയെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒട്ടേറെ സിപിഎം നേതാക്കൾ മുല്ലപ്പള്ളിയെ വിമർശിച്ച് രംഗത്തെത്തി. കോവിഡ് റാണി, നിപ രാജകുമാരി പദവികള്‍ക്കാണ് മന്ത്രിയുടെ ശ്രമം. നിപ കാലത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപോലയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

കുറിപ്പ് വായിക്കാം: ‘ആരോഗ്യമന്ത്രി സ:ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്വത്തിന്റെ ലക്ഷണമാണ്.ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങളോട് ,അതിന് സമൂഹം തന്നെ നൽകുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.എംപിയായ ഘട്ടത്തിൽ കോഴിക്കോട് നിപ്പാ വൈറസ് ബാധയുണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധി കൂടിയാണ് ശ്രീ മുല്ലപ്പള്ളി.അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനങ്ങൾ വിലയിരുത്തട്ടെ..’ അദ്ദേഹം കുറിച്ചു.