TAGS

രാഷ്ട്രീയത്തിൽ സജീവമായിട്ട്  6 വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും കോൺ​ഗ്രസിലെ നിറസാന്നിധ്യമാണ് ഡോ. ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ ഇക്കുറി മത്സരരം​ഗത്ത് ഉണ്ടാകും. എന്നാൽ മണ്ഡലമോ മറ്റ് കാര്യങ്ങളിലോ ഒന്നും തന്നെ തീരുമാനമായിട്ടില്ല. കണ്ണൂരിൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

 

കണ്ണൂരിൽ പിണറായി വിജയനെതിരെ  മത്സരിക്കുമോ..?‌‌

 

കോൺ​ഗ്രസ് പാർട്ടി പറയുന്നത് കേൾക്കും. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഞാൻ ഒരു കണ്ണൂർ സ്വദേശി എന്നുള്ളത് മാത്രമാണ് വാസ്തവം. മറ്റുകാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്.

 

സർക്കാർ കിറ്റിനെതിരെ ആക്ഷേപം ഉന്നയിച്ചത് ചർച്ചയായിരുന്നല്ലോ..?

 

സർക്കാരിന്റെ കിറ്റിനെതിരെയല്ല ഞാൻ ആക്ഷേപം ഉന്നയിച്ചത്. അതിലൂടെ മാത്രം സർക്കാരിന് തുടർഭരണം ലഭിക്കില്ലെന്നാണ് പറഞ്ഞത്. കിറ്റ്  നല്ല കാര്യമാണ്, എന്നാൽ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട മറ്റുവിഷയങ്ങളിൽ പൂർണ പരാജയമാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരാണിത്. കൂടാതെ കടവും, സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത് കടം മേടിച്ചാണ്. വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാർ ഇത്രയും നാളുകൾ കൊണ്ട് വരുത്തിവച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം സർക്കാരിന്റെ വിജയമായി കണക്കുകൂട്ടാൻ ആവില്ല. പലയിടങ്ങളിലും പേടിപ്പിച്ചാണ് വോട്ടു ചെയ്യിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് എത്ര പേർക്ക് തൊഴിൽ നഷ്ടമായി. അത്തരത്തിലുള്ള എത്ര പേരെ സർക്കാരിന് പുനരധിവസിപ്പിക്കാൻ സാധിച്ചു..?  നമ്മുടെ പൈസയെടുത്തു നമുക്കു തന്നെ തരുന്നതെങ്ങനെ സർക്കാരിന്റെ നേട്ടമാകും? 

 

യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും ഷുഹൈബിനെയും കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്കു വിടാതിരിക്കാൻ പൊതു ഖജനാവിൽനിന്നെടുത്തു കോടികളാണു വക്കീൽ ഫീസ് കൊടുത്തത്. പകരം, ആ തുക ഉപയോഗിച്ചു കിറ്റ് കൊടുത്തെങ്കിൽ മനസിലാക്കാം. മൂന്നു ചെറുപ്പക്കാരുടെ ജീവൻ ഇല്ലാതാക്കിയവരെ രക്ഷിക്കാൻ കോടികൾ മുടക്കിയതിനു പകരം ആ തുക ഉപയോഗിച്ചു കുറച്ചു ചെറുപ്പക്കാർക്കു ജോലി കൊടുത്തുകൂടായിരുന്നോ? 

 

കോൺ​ഗ്രസിന്റെ ന്യായ് പദ്ധതിയിലുള്ള പ്രതീക്ഷ.?

 

കേരളത്തിൽ വികസനം കൊണ്ടുവന്നത് യുഡിഎഫ് സർക്കാരാണ്. കണ്ണൂർ വിമാനത്താവളവും ഐടി പാർക്കും മെട്രോയും എല്ലാം യുഡിഎഫിന്റെ സംഭാവനയാണ്. എൽഡിഎഫ് വികസന പ്രവർത്തനങ്ങൾ മുടക്കുകയാണ് സാധാരണ ചെയ്യുക. 2011ൽ ഭക്ഷ്യസുരക്ഷ പദ്ദതി കോൺ​ഗ്രസ് കൊണ്ടുവന്നപ്പോൾ എങ്ങനെ നടപ്പിലാക്കുമെന്ന് പലരും നെറ്റിചുളിച്ചു. എന്നാൽ നടപ്പാക്കി കാണിച്ചില്ലേ..? അതുപോലെ ന്യായ് പദ്ധതി കോൺ​ഗ്രസ് സർക്കാർ നടപ്പിലാക്കും.

 

പിണറായി ഏകാധിപതി  

 

കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടി മാത്രമാണ് സിപിഎം. ആ പാർട്ടി ഒരു ഏകാധിപതിയുടെ കീഴിലാണ്. നിരവധി കേസുകളിൽ പ്രതിയായ സ്ത്രീയുടെ വാക്ക് കേട്ട് സിബിഐയെ കൊണ്ടുവരും. എന്നാൽ വാളയാറിലെ അമ്മയുടെ കരച്ചിൽ സർക്കാർ കണ്ടത് എത്ര നാളുകൾക്ക് ശേഷമാണ്. സോളർ കേസ് ഇപ്പോൾ സിബിഐക്ക് വിടാനുള്ള കാരണം ഉമ്മൻ ചാണ്ടി കോൺ​ഗ്രസ് തലപ്പത്ത് വരുമ്പോൾ  ഉണ്ടാകുന്ന മുന്നേറ്റത്തിൽ സർക്കാരിന് പേടി തട്ടിയത് കൊണ്ടാണ്. ബാർ കോഴയിലും സർക്കാരിന്റെ പകപോക്കൽ തന്ത്രം വ്യക്തമാണ്.

 

പാർട്ടിയിലെ സ്ത്രീ പ്രാതിനിധ്യം

 

നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്ന സംഘടനയാണ് കോൺ​ഗ്രസ്. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം ഇക്കുറി ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞതാണ്.

 

ദന്ത ഡോക്ടർ, പത്രപ്രവർത്തക, രാഷ്ട്രീയം

 

ചെറുപ്പം മുതൽ കോൺ​ഗ്രസിനോടും രാഷ്ട്രീയത്തിനോടുമുള്ള അഭിനിവേശം കാരണം മാത്രമാണ് സജീവമായി ഈ രം​ഗത്തേക്ക് ഇറങ്ങുന്നത്. ഞാൻ പഠിച്ച ഇടങ്ങളിൽ ഒന്നും അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. എന്നാൽ  ഇപ്പോൾ പാർട്ടിയിലെ സ്ഥാനങ്ങളെല്ലാം കഷ്ടപ്പെട്ട് നേടിയതാണ്.

 

കൂടുതൽ ഇടപെടലുകൾ ദേശീയ വിഷയങ്ങളിൽ ആയിരുന്നില്ലേ..? ഭാഷ ഒരു തടസമാകാറുണ്ടോ..?

 

ഇല്ല, ദേശീയ വിഷയങ്ങളിലും, പ്രാദേശിക വിഷയങ്ങളിലും ഞാൻ സജീവമായി ഇടപെടാറുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രചരണ രം​ഗത്ത് ഉണ്ടായിരുന്നു. ഭാഷ എനിക്കൊരു തടസമായി തോന്നിയിട്ടില്ല. മറ്റിടങ്ങളിലെ മലയാളവുമായി എന്റെ സംസാരം വ്യത്യസ്തമാണ്.