തിരുവനന്തപുരം: വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ ആർസിസിയിലേക്കു നോക്കിയ ശിവകിരൺ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛൻ കണ്ണന്റെ ആശ്വാസവാക്കുകൾ. കണ്ണന്റെ തോളിൽ ചേർന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോൾ തുടച്ചുകൊടുത്തു. അടൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.ജി.കണ്ണനാണു മകനുമായി ആശുപത്രിയുടെ പടവുകൾ കയറുന്നതെന്നു മറ്റാർക്കും മനസ്സിലായില്ല, രക്താർബുദത്തിനു ചികിത്സയിലാണ് 9 വയസ്സുള്ള ശിവകിരൺ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നൽകേണ്ടിവന്നു കണ്ണന്.

 

സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. പക്ഷേ, രാത്രിയായപ്പോൾ ശിവകിരണിനു നിർബന്ധം, ‘അച്ഛനും കൂടി വരണം.’ ഒടുവിൽ പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്കൂളിൽ പഠിക്കുന്ന ശിവകിരണിനു 3 വർഷം മുൻപു പനി ബാധിച്ചു. ഒരാഴ്ച കഴിഞ്ഞു വീണ്ടും പനി. ഇതു പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകൾ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആർസിസിയിലേക്ക് അയച്ചത്.

 

രക്താർബുദമായിരുന്നു ശിവകിരണിന്. രോഗം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടർമാർ പറഞ്ഞു. എന്നും വീട്ടിൽ പോയി വരാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അപ്പോൾ ഉമ്മൻ ചാണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഉള്ളൂരിനടുത്ത് വീടു വാടകയ്ക്കെടുത്തത്. സാമ്പത്തികമായി തകർന്നപ്പോൾ നാട്ടിലുള്ളവരെല്ലാം സഹായിച്ചു. വാടകവീട്ടിൽ 2 വർഷം താമസിച്ചാണു ചികിത്സ പൂർത്തിയാക്കിയത്. ഇപ്പോൾ 3 മാസം കൂടുമ്പോൾ പരിശോധന നടത്തണം. രോഗത്തിന്റെ മടങ്ങിവരവ് ഉണ്ടാകല്ലേയെന്ന പ്രാർഥനകൾ.