മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുെട രാജിതുടരുന്നു. പരാജയ കാരണം പാര്‍ട്ടി അന്വേഷിക്കുമെന്ന് ജയലക്ഷ്മി പറയുമ്പോഴും മുന്‍മന്ത്രിയുടെ സഹായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിന് തിരികൊളുത്തി. രാഹുല്‍ ഗാന്ധി രണ്ടുവട്ടം പ്രചാരണം നടത്തിയ ഏകമണ്ഡലം തോറ്റതിന്റെ കാരണം ദേശീയ നേതൃത്വത്തിന് മുന്‍പിലും വിശദീകരിക്കേണ്ടിവരും. 

മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി.ബിജുവിന്റെ രാജിക്ക് പിന്നാലെ ഡിസിസി ജനറല്‍ സെക്രട്ടറി‌മാരായ 

എം.വേണുഗോപാല്‍, കമ്മന മോഹനന്‍ എന്നിവരും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു. മുന്‍മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിക്ക് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടിക്ക് ഏറെ തിരിച്ചടി നല്‍കിയാണ് സിപിഎം ഭൂരിപക്ഷം പലമടങ്ങ് ഇരട്ടിയാക്കി മാനന്തവാടി മണ്ഡലം 

നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് കുത്തകയായ പ‍ഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചതിന്റെ പകുതി പോലും ‌വോട്ട് ജയലക്ഷ്മിക്ക് ലഭിച്ചില്ല. തോല്‍വിക്ക് ചില പ്രത്യേക കാരണങ്ങളുണ്ടെന്നും ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നുമാണ് മന്ത്രിയായിരിക്കേ ജയലക്ഷ്മിയുടെ പേഴ്സണല്‍ സ്റ്റാഫംഗവും നിലവില്‍ സഹായിയുമായ സി.വി.ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സത്യങ്ങള്‍ പറയാന്‍ പാര്‍ട്ടി നേതൃത്വം അവസരം നല്‍കണമെന്നും ഇല്ലെങ്കില്‍ 

പരസ്യമായി പ്രവര്‍ത്തകരോട് പറയാമെന്നും ഷിബു കുറിച്ചു. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ ഒരുവട്ടം പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധി മാനന്തവാടിയില്‍ മാത്രമാണ് രണ്ടുവട്ടം എത്തിയത്. എന്നിട്ടും പതിനായിരത്തോളം വോട്ടിന് തോറ്റത് ഇരട്ടിപ്രഹരമായി. ബത്തേരി നിലനിലനിര്‍ത്തുകയും കല്‍പറ്റ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ മാനന്തവാടി ദയനീയമായി തോറ്റതിന് പ്രാദേശീക നേതൃത്വം 

ദേശീയനേതൃത്വത്തിന് മറുപടി നല്‍കേണ്ടിവരും. പരാജയത്തിന് പിന്നാലെ വിവാദം പുകയുമ്പോഴും ജയലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ.