കടലുണ്ടി തീവണ്ടി അപകടമുണ്ടായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരത്തിനായി കോടതി കയറിയിറങ്ങുകയാണ് കോഴിക്കോട് കല്ലായി സ്വദേശി ജയപ്രകാശന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെ ദുരന്തങ്ങള്‍ ഒന്നൊന്നായി ചൂളം വിളിച്ചെത്തിയതോടെ ജീവിക്കാന്‍ പോലും നിവൃത്തിയില്ലാതെ കഴിയുകയാണ് ഈ അറുപത്തിമൂന്നുകാരന്‍
ഇരുപതുവര്‍ഷം മുമ്പുള്ള ഒരു സായാഹ്നത്തിലാണ് ജയപ്രകാശന്റ ജീവിതം പാളം തെറ്റിയത്. വീട് പണിക്ക് സഹോദരിയില്‍ നിന്ന് പണം കടം വാങ്ങാനായി ചെന്നൈയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പുഴയിലേക്ക് വീണ ബോഗിയിലായിരുന്ന ജയപ്രകാശിന്റ കൈയിലും കാലിലും മുഖത്തും ഗുരുതരമായി പരുക്കേറ്റു. ഒരുമാസത്തോളം ആശുപത്രി വാസം. ചികില്‍സ സഹായമായി കിട്ടിയത് വെറും 35000 രൂപ. പരുക്കേറ്റവര്‍ക്ക് റയില്‍വേ പ്രഖ്യാപിച്ച നാലുലക്ഷം രൂപ വെറും വാഗ്ദാനമായി ഇന്നും അവശേഷിക്കുന്നു
ദുരന്തം കടലുണ്ടിപ്പുഴയില്‍ മാത്രമായി നിന്നില്ല, നാലുവര്‍ഷം മുമ്പ് ഭാര്യ അര്‍ബുദം ബാധിച്ച് മരിച്ചു. രണ്ട് മക്കളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു. മറ്റൊരു മകനെ മൂന്ന് വര്‍ഷം മുമ്പ് കാണാതായി. അപകടസമയത്ത് കഴിഞ്ഞ മരുന്നിന്റ അലര്‍ജി ഇപ്പോഴും വല്ലാതെ അലട്ടുന്നു. മരക്കമ്പനിയില്‍ ചെറിയ ജോലിക്ക് പോയിരുന്നെങ്കിലും ആരോഗ്യം ശോഷിച്ചതോടെ നിര്‍ത്തി മുന്നിലുള്ളത് ചെറിയ വെല്ലുവിളിയില്ല,എങ്കിലും നഷ്ടപരിഹാരം കിട്ടുവരെയും റയില്‍വേയ്ക്കെതിരെ നിയമപോരാട്ടം തുടരാന്‍ തന്നെയാണ് ജയപ്രകാശന്റ തീരുമാനം.