tunnel

അപ്രതീക്ഷിതമായെങ്കിലും കുതിരാനിലെ ഒരു തുരങ്കം തുറന്നതിന്‍റെ ആശ്വാസത്തില്‍ യാത്രക്കാര്‍. യാത്രാക്ലേശവും സമയനഷ്ടവും ഒഴിവായി എന്നതാണ് പ്രധാന നേട്ടം. പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങളാണ് തുരങ്കത്തിലൂടെ കടത്തിവിടുന്നത്. രണ്ടു തുരങ്കങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ പിരിക്കാന്‍ സമ്മതിക്കൂവെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മണ്ണുത്തി– വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കണമെന്നും തുരങ്കം സന്ദര്‍ശിച്ച ശേഷം മന്ത്രി ആവശ്യപ്പെട്ടു.

 

കുതിരാന്‍ തുരങ്കമെന്ന സ്വപ്നത്തിന് രണ്ടു പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഇതു യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് യാത്രക്കാര്‍ തുരങ്കയാത്ര രണ്ടാംദിനവും തുടരുന്നത്. പക്ഷേ, തുരങ്കം ഒന്ന് തുറന്നാല്‍ ഉടനെ ടോള്‍ പിരിക്കാനുള്ള നീക്കത്തിലാണഅ ദേശീയപാത വിഭാഗം. മണ്ണുത്തി..വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം എണ്‍പതു ശതമാനം തീര്‍ന്നാല്‍ ടോള്‍ പിരിക്കാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം. പക്ഷേ, പണിമുഴുവനും തീര്‍ന്ന ശേഷം ടോള്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. തുരങ്കം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി കെ.രാജന്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ലോക്ഡൗണ്‍ ദിനമായിട്ടും തുരങ്കത്തില്‍ രണ്ടാം ദിനവും വണ്ടികളുടെ തിരക്കായിരുന്നു. സൈക്ലിങ് സംഘങ്ങളുടെ ഇഷ്ടപ്പെട്ട ഇടമായി തുരങ്കയാത്ര മാറി.

 

നാളെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ വണ്ടികള്‍ തുരങ്കത്തിലേയ്ക്ക് എത്തുമെന്നാണ് പൊലീസ് കണക്കുക്കൂട്ടുന്നത്.