kuthirantunel

തൃശൂർ കുതിരാനിൽ രണ്ടാം തുരങ്കം ജനുവരിയിൽ തുറക്കാൻ കഴിഞ്ഞേക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ നിർമാണ ജോലികൾക്കായി പ്രതിദിനം പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം എൺപതായി ഉയർത്താനും ധാരണയായി. 

 

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണ പുരോഗതിയുടെ അവലോകന യോഗത്തിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തൃശൂരിൽ എത്തിത്. ദേശീയപാത നിർമാണ ചുമതലയുള്ള കെ.എം.സി. കന്പനിയുടെ പ്രതിനിധികൾ യോഗത്തിനെത്തി. നിലവിൽ പ്രതിദിനം ഇരുപത്തിരണ്ടു തൊഴിലാളികളാണ് രണ്ടാം തുരങ്കത്തിന്റെ നിർമാണ ജോലിയെടുക്കുന്നത്. ഇത്, എൺപതായി ഉയർത്താൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വനംവകുപ്പിന് ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിലും ധാരണയായി. രണ്ടാം തുരങ്കം തുറന്നാൽ നിലവിലുള്ള റോഡ് അതേപ്പടി നിലനിർത്താനാണ് ആലോചിക്കുന്നത്. ജില്ലയിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ ഇത് തീരുമാനിക്കും. ടോൾ പിരിക്കുന്ന കാര്യവും പിന്നീട് തീരുമാനിക്കും. എത്രയും വേഗം തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

തുരങ്കളിൽ ഒന്ന് തുറന്ന ശേഷം ഗതാഗത കുരുക്ക് അവസാനിച്ചിരുന്നു. രണ്ടാം തുരങ്കം കൂടി വരുന്നതോടെ തൃശൂർ..പാലക്കാട് റൂട്ടിലെ യാത്ര കൂറേക്കൂടി സുഗമമാകും. ദേശീയപാതയുടെ നിർമാണം തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. ഇനിയും ഇത് വൈകിച്ചുകൂടെന്നാണ് സർക്കാർ നിലപാട്.