kunjambuwb

TAGS

56 വര്‍ഷം കൊണ്ട് ആയിരത്തിലേറെ തുരങ്കങ്ങള്‍ നിര്‍മിച്ച ഒരു 69 കാരനുണ്ട് കാസര്‍കോട് ബേഡഡുക്കയില്‍. വെറും തുരങ്കങ്ങളല്ല, കൈക്കോട്ടും മഴുവും കൊണ്ട് തീര്‍ത്ത ശുദ്ധജലം ഒഴുകിയെത്തുന്ന സുരങ്കയെന്ന് കന്നഡയില്‍ അറിയപ്പെടുന്ന തുരങ്കങ്ങള്‍. കുഴല്‍ക്കിണറുകള്‍ വ്യാപകമാകുന്ന ഈ കാലത്തും കുഞ്ഞമ്പുവിനെ തിരക്കി ആളുകള്‍ എത്തുന്നുണ്ട്.  

അതേ, എഴുപത് കോല്‍ നീളമുള്ള തുരങ്കം. കുഞ്ഞമ്പുവേട്ടന് വെറും നിസ്സാരമായ തുരങ്കം, ഇദ്ദേഹത്തിന് വയസ്സ് 69 ഉണ്ട്. പക്ഷേ ഒറ്റയ്ക്കുനിന്ന് തുരങ്കം നിര്‍മിക്കാന്‍ ഇന്നും മടിയൊന്നുമില്ല, മറിച്ച് ആവേശമാണ്. മലമ്പദ്രേശങ്ങളില്‍ ഭൂഗര്‍ഭജലം ശേഖരിക്കുന്നതിന് നിര്‍മിക്കുന്നതാണ് തുരങ്കങ്ങള്‍. ഒരാള്‍ക്ക് നടന്നുപോകാവുന്ന വലുപ്പം മാത്രമേ ഉണ്ടാകാറുള്ളു.  കുഞ്ഞമ്പുവേട്ടന്‍ പറയുന്നത് പ്രകാരമാണെങ്കില്‍ കാസര്‍കോട് ജില്ലയില്‍ തുരങ്കനിര്‍മാണം തുടങ്ങിയിട്ട് വര്‍ഷം 150 കഴിഞ്ഞു. 

പതിനാറാം വയസ്സിലാണ് കുഞ്ഞമ്പുവേട്ടന്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങിയത്. ഒരു മെഴുകുതിരിയും പിക്കാസും കുട്ടയും മണ്‍വെട്ടിയുമായി ഇറങ്ങുന്ന കു‍ഞ്ഞമ്പുവേട്ടന്‍ 230 കോല്‍ നീളമുള്ള തുരങ്കം വരെ നിര്‍മിച്ചിട്ടുണ്ട്. വെള്ളത്തിന്‍റെ സ്ഥാനം കണ്ടെത്താനും ഇദ്ദേഹത്തിന്‍റെ മിടുക്ക് അപാരമാണ്. മണ്ണിനെ അറിയുന്ന നാടിനെ അറിയുന്ന കുഞ്ഞമ്പുവേട്ടനെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.